കുടുംബശ്രീയുടെ വിഷരഹിത പച്ചക്കറി വിതരണത്തിനായി കൂടുതല്‍ കിയോസ്കുകൾ
1496682
Sunday, January 19, 2025 11:04 PM IST
കോട്ടയം: കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും മൂല്യവര്‍ധിത ഉത്പന്നങ്ങളും പൊതുജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി ആരംഭിച്ച നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്ക് കൂടുതല്‍ കേന്ദ്രങ്ങളിലേക്ക്. പുതുതായി മൂന്ന് കേന്ദ്രങ്ങളില്‍ക്കൂടി അഗ്രി കിയോസ്കുകള്‍ ആരംഭിക്കുന്നതോടെ ജില്ലയില്‍ മുഴുവന്‍ ബ്ലോക്കുകളിലും പദ്ധതി യാഥാര്‍ഥ്യമാകുകയാണ്.
കുടുംബശ്രീ ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായി ജെഎല്‍ജി അംഗങ്ങളുടെ ഉത്പന്നങ്ങള്‍ കിയോസ്കുകള്‍ വഴി വിപണിയിലെത്തുന്നു. പുതുപ്പള്ളി, മണിമല, തലയോലപ്പറമ്പ് എന്നിവിടങ്ങളിലാണ് പുതിയതായി കിയോസ്കുകള്‍ ആരംഭിക്കുന്നത്. നിലവില്‍ എട്ട് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുണ്ട്. കുടുംബശ്രീ സംഘകര്ഷകരും അയല്‍ക്കൂട്ടങ്ങളും നേരിട്ട് ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും മറ്റ് പ്രാദേശിക കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇടനിലക്കാരില്ലാതെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുടുംബശ്രീ സിഡിഎസുകള്‍ക്കാണ് പ്രവര്‍ത്തനച്ചുമതല. ഒരു കിയോസ്കിന് രണ്ടുലക്ഷം രൂപ കുടുംബശ്രീ നല്‍കും. കുടുംബശ്രീ അംഗങ്ങളില്‍നിന്ന് സിഡിഎസുകള്‍ തെരഞ്ഞെടുക്കുന്ന കൃഷി സഖിയാണ് കിയോസ്കിലെ ജീവനക്കാരി. കൃഷിസഖിക്ക് 3,500 രൂപ ഓണറേറിയവും കിയോസ്കിലെ ലാഭത്തിന്റെ മൂന്ന് ശതമാനവും വരുമാനമായി നല്‍കും. കുടുംബശ്രീയുടെ സംഘകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് മികച്ച വിപണനാവസരം ഇതിലൂടെ ലഭിക്കും.
ജില്ലയിലെ കിയോസ്കുകള്‍
1. ഭരണങ്ങാനം (പാലാ- ഭരണങ്ങാനം റോഡില്‍ ഇടപ്പാടിയില്‍)
2. അതിരമ്പുഴ (പഞ്ചായത്തിനു സമീപം)
3. ഉദയനാപുരം (പഞ്ചായത്തിനു സമീപം)
4. കാണക്കാരി (എം സി റോഡില്‍ വെമ്പള്ളിയില്‍)
5. ചിറക്കടവ് (പഞ്ചായത്ത് കോമ്പൗണ്ട്)
6. തൃക്കൊടിത്താനം (കുന്നുംപുറം ജംഗ്ഷന്)
7. പള്ളിക്കത്തോട് (പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സില്‍)
8. തലനാട് (ഇല്ലിക്കല്‍ക്കല്ല്)
പുതിയ കിയോസ്കുകള്‍
1. പുതുപ്പള്ളി (ബസ് സ്റ്റാന്‍ഡ്)
2. മണിമല (പഞ്ചായത്തിനു സമീപം)
3. തലയോലപ്പറമ്പ് (പഞ്ചായത്തിനു സമീപം)