പുതുമോടിയില്‍ നാടന്‍ രുചികള്‍ ആസ്വദിക്കാം; നാലുമണിക്കാറ്റ് ഇനി ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്
1496896
Monday, January 20, 2025 7:10 AM IST
കോട്ടയം: കാറ്റേറ്റ് നാടന്‍ രുചികള്‍ ആസ്വദിക്കാന്‍ കഴിയുന്ന നാലുമണിക്കാറ്റിന് ഇനി പുതുമോടി. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബായി മുഖംമിനുക്കിയെത്തുന്ന നാലുമണിക്കാറ്റ് വഴിയോര വിനോദ സഞ്ചാര പദ്ധതി ഫെബ്രുവരി ആദ്യവാരം തുറക്കും. കേന്ദ്ര ഭക്ഷ്യസുരക്ഷാവകുപ്പ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബായി നാലുമണിക്കാറ്റിനെ തെരഞ്ഞെടുത്തതോടെയാണ് നവീകരണത്തിന് വഴിതെളിഞ്ഞത്. ഇതോടെ ഇവിടുത്തെ തട്ടുകടകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയിരുന്നു.
40 ലക്ഷത്തോളം രൂപ ചെലവിട്ടാണ് നവീകരണം നടന്നുവരുന്നത്. നാടന്‍ ഭക്ഷ്യഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി 12 ബങ്കുകളും സ്ഥാപിച്ചു. ഒരേ മാതൃകയിലുള്ളതാണ് ഇവയെല്ലാം. നേരത്തെ നാടന്‍ രുചി വിളമ്പുന്ന ഏട്ട് തട്ടുകടകളായിരുന്നു ഉണ്ടായിരുന്നത്. നവീകരണത്തില്‍ ഇത് 12 ആക്കി ഉയര്‍ത്തി. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് തന്നെയാകും ഭക്ഷണത്തിന്റെ ചുമതല. കഴിഞ്ഞദിവസങ്ങളില്‍ ഇവര്‍ക്ക് പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനവും നല്കി. സിസിടിവി കാമറകളും പുതിയതായി സ്ഥാപിച്ചിട്ടുണ്ട്. സോളര്‍ പാനലുകളും സജ്ജീകരിച്ചു.
കേന്ദ്ര ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചാകും നാടന്‍ ഭക്ഷ്യബങ്കുകളുടെ പ്രവര്‍ത്തനം. ശുദ്ധവും ഉയര്‍ന്ന ഗുണനിലവാരവുമുള്ളതാകും ഉത്പന്നങ്ങള്‍. മായമുണ്ടാകില്ല.
ഗുണനിലവാരം അടക്കം പരിശോധിച്ചാകും അസംസ്കൃതവസ്തുക്കളും തെരഞ്ഞെടുക്കുക. ജീവനക്കാരുടെ ശാരീരികശുദ്ധിക്കൊപ്പം പരിസരം ശുചിത്വവും ഉറപ്പാക്കും. ശുദ്ധീകരിച്ച വെള്ളമായിരിക്കും വിതരണം നടത്തുക. മണര്‍കാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതിനായി ഇവിടെ ജലശൂചീകരണ പ്ലാന്റും ഒരുക്കും. മാലിന്യനിര്‍മാര്‍ജനത്തിനും പ്രത്യേക സംവിധാനമുണ്ടാകും.
ഒരോ കടകളിലും ലഭിക്കുന്ന നാടന്‍ പലഹാരങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. തിരുവാതിര പുഴുക്ക്, സാധാരണ പുഴക്ക് എന്നീ ഇനങ്ങൾ എല്ലാദിവസവും ലഭിക്കും. ഒപ്പം നേരത്തെ ലഭ്യമായിരുന്ന കാച്ചില്, ചേമ്പ് എന്നിവ വേവിച്ചത്, കപ്പ പുഴുങ്ങിയത്, പഴം പൊരി, ഇല അട, ബജി, വട, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക തുടങ്ങിയ നാടന്‍ വിഭവങ്ങളുമുണ്ടാകും.
നവീകരണോദ്ഘാടനത്തിനുശേഷം പ്രവര്‍ത്തനസമയം രാവിലെ 11 മുതല്‍ രാത്രി ഏട്ടുവരെ ആക്കാനും ആലോചനയുണ്ട്. മണര്‍കാട്-ഏറ്റുമാനര്‍ ബൈപാസ് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 2011 ജനുവരിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.
2013 ല്‍ വിനോദ സഞ്ചാര രംഗത്തെ മികച്ച നൂതന ആശയത്തിനുള്ള സംസ്ഥാന വിനോദ സഞ്ചാര പുരസ്കാരം, 2014ല്‍ രാജ്യാന്തര സംഘടനയായ സ്കാല്‍ ഇന്റര്‍നാഷനലിന്റെ ലോക സുസ്ഥിര വിനോദ സഞ്ചാര അവാര്‍ഡ് എന്നിവ ഈ ജനകീയ വിനോദ സഞ്ചാര പദ്ധതിക്ക് ലഭിച്ചിരുന്നു.