മാലിന്യങ്ങൾ വഴിയരികിൽ; എൻഫോഴ്സ്മെന്റ് ടീം അന്വേഷണത്തിന്
1496902
Monday, January 20, 2025 7:10 AM IST
ഏറ്റുമാനൂർ: ഹരിതകര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ പൊതുവഴിയില്‍ കൂട്ടിയിടുന്നതിനെതിരേ നൽകിയ പരാതിയിൽ ശുചിത്വമിഷന്റെ എൻഫോഴ്സ്മെന്റ് ടീം അന്വേഷണം നടത്തുന്നു.
ഏറ്റുമാനൂര്‍ നഗരസഭയിലെ 34, 35 വാര്‍ഡുകളിൽ റോഡരികുകളിൽ പൊതുജനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നവിധം കൂട്ടിയിട്ട മാലിന്യം ഒന്നരമാസം കഴിഞ്ഞിട്ടും നീക്കം ചെയ്യാതെ വന്നതോടെ ശക്തിനഗർ റെസിഡന്റ്സ് അസോസിയേഷൻ മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. പരാതി വിശദമായ അന്വേഷണത്തിനായി ജില്ലാ ജോയിന്റ് ഡയറക്ടർക്കും ശുചിത്വമിഷനും കൈമാറുകയായിരുന്നു.
ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മിപ്രിയയുടെ നിർദേശപ്രകാരം എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പോൾ ബേബി, അംഗം എൻ. പ്രശാന്ത് എന്നിവർ വെള്ളിയാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി. നിരത്തരികുകളിൽ മാലിന്യം കുന്നുകൂടി കിടക്കുന്നത് സംഘം നേരിട്ടുകണ്ട് ബോധ്യപ്പെട്ടു.
മാലിന്യം കൃത്യമായി നീക്കം ചെയ്യുന്നതിനു വേണ്ട നടപടികള്‍ നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. വികെബി റോഡിൽ രണ്ടു മാസം മുമ്പ് മുതലുള്ള മാലിന്യം ഇപ്പോഴും കൂടിക്കിടക്കുന്നത് പരിസരവാസികൾ ചൂണ്ടിക്കാട്ടി.