കല്ലുകളില്‍ അതിമനോഹര കലാസൃഷ്ടികള്‍; ബിജിയുടെ ശേഖരം ശ്രദ്ധേയമാകുന്നു
1496909
Monday, January 20, 2025 7:22 AM IST
പാലാ: ലുമിനാരിയായില്‍ എത്തുന്ന സന്ദര്‍ശകരുടെ ശ്രദ്ധാകേന്ദ്രമാവുകയാണ് പാലാ സ്വദേശിയായ കെടുമ്പന്പുരയിടത്തില് ബിജി ജോസഫ്. പ്രകൃതി സ്വാഭാവികമായി പരുവപ്പെടുത്തി അനേക സംവത്സരങ്ങള്‍ കൊണ്ട് സവിശേഷാകൃതിയിലെത്തിയ കല്ലുകള്‍ക്ക് മറ്റാരും കാണാത്ത രൂപഭാവങ്ങള്‍ നല്‍കുകയാണ് ഈ കലാകാരന്.
കല്ലുകളുടെ സ്വാഭാവിക സൗന്ദര്യം അടര്‍ത്തി മാറ്റാതെ അവയില്‍ ചെറു ശിലാഭാഗങ്ങള്‍ ഒട്ടിച്ചുചേര്‍ത്താണ് ബിജി ജീവന്‍തുടിക്കുന്ന കലാസൃഷ്ടികളായി അവയെ രൂപാന്തരപ്പെടുത്തുന്നത്. ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, യൂണിവേഴ്സല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സ് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയ ബിജിയുടെ ശേഖരത്തിലുള്ള ആയിരത്തിഅഞ്ഞൂറോളം ശില്പങ്ങളാണ് ലുമിനാരിയായില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
ഇരുപത്തിയഞ്ചോളം വിദേശ രാജ്യങ്ങള്‍, നേത്രാവതി, കാവേരി, ഗംഗ, ബ്രഹ്മപുത്ര, യമുന, തുംഗഭദ്ര തുടങ്ങിയ നദീതീരങ്ങള്‍, ഇന്ത്യയിലെ വിവിധ ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലൂടെയെല്ലാം കഴിഞ്ഞ കാല് നൂറ്റാണ്ടായി ബിജി തന്റെ അന്വേഷണ യാത്ര നടത്തുന്നു. കല്ലുകളില്‍ ആയുധങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാതെ തന്നെ അവയെ ജീവന് തുടിക്കുന്ന കലാസൃഷ്ടികളായി മാറ്റുകയാണ് ഇദ്ദേഹം.
ഇല്ലിക്കല്കല്ലിന്റെ താഴ്വാരമായ അടുക്കത്തുനിന്നാണ് വളരെ കൗതുകം ജനിപ്പിക്കുന്ന ഒരു ശിലാരൂപം താന്‍ ആദ്യമായി കണ്ടെത്തിയതെന്ന് ബിജി ഓര്‍മിക്കുന്നു.ബിജിയുടെ കലാപരിശ്രമങ്ങള്ക്ക് ഭാര്യ റോസിയും മക്കള്‍ എഡ്വിന, റോബിന് എന്നിവരും പിന്തുണ നല്കുന്നു.