നാഗമ്പടത്ത് ഇന്നലെ ഇറച്ചിക്കോഴികള്‍ ഫ്രീ ഓഫറില്‍...!
1496681
Sunday, January 19, 2025 11:04 PM IST
കോട്ടയം: ഇന്നലെ രാവിലെ നാഗമ്പടത്തുകൂടി പോയവര്‍ ഇറച്ചിക്കോഴികളുമായാണ് മടങ്ങിയത്. കൈയിലും ചാക്കിലും കാറിന്റെ ഡിക്കിയിലും സ്കൂട്ടറിലും ഓട്ടോറിക്ഷയിലുമൊക്കെയായി നാട്ടുകാര്‍ കോഴികളുമായി വീട്ടിലേക്ക് ഓടി. റോഡരികില്‍ കൂട്ടിയിട്ടിരുന്ന ആയിരത്തില്‍പ്പരം ഇറച്ചിക്കോഴികളെയാണ് നാട്ടുകാര്‍ സൗജന്യമായി എടുത്തത്.
ഇറച്ചിക്കോഴികളുമായി മുവാറ്റുപുഴയിലെ സ്വകാര്യ ചിക്കന്‍ സെന്ററില്‍നിന്നും കൊല്ലത്തേക്കു പോവുകയായിരുന്നു ലോറി മറിഞ്ഞതാണ് കോഴിച്ചാകരയ്ക്ക് കാരണമായത്.. ലോറിയിലുണ്ടായിരുന്ന ഇരുമ്പുപെട്ടികള്‍ റോഡില്‍ ചിതറിവീണതോടെ കോഴികള്‍ കൂട്ടത്തോടെ ചത്തു. ഇത്തരത്തില്‍ ചത്ത കോഴികളെ റോഡരികില്‍ കൂട്ടിവയ്ക്കുകയായിരുന്നു.
ഇതോടെയാണ് റോഡരികില്‍ സൗജന്യ ഇറച്ചിക്കോഴി വിതരണം നടന്നത്. റോഡിലൂടെ പോയവര്‍ വാഹനം നിര്‍ത്തി കോഴികളെ കൈക്കലാക്കി. സംഭവമറിഞ്ഞവരും വാട്സ് ആപ്പിലൂടെയും മറ്റും സന്ദേശങ്ങള്‍ ലഭിച്ചവരും ബൈക്കിലും കാറിലും ഓട്ടോയിലുമെത്തി കോഴികളെ എടുക്കുകയായിരുന്നു. കാറിന്റെ ഡിക്കിയില്‍ കോഴികളെ വാരിയിട്ടാണ് ചിലര്‍ പോയത്. ചിലരാകട്ടെ ഇരു കൈയിലും പറ്റാവുന്നത്ര തൂക്കിയെടുത്താണ് പോയത്. ചാക്കിലാക്കി തലയില്‍ ചുമന്നു കൊണ്ടുപോയവരും നിരവധിയാണ്.
ഇന്നലെ പുലര്‍ച്ചെ 3.30നാണ് ലോറി മറിഞ്ഞത്. വീണതിന്റെ ആഘാതത്തിലാണ് കോഴികള്‍ ചത്തത്. ഡ്രൈവറും ജോലിക്കാരായ രണ്ട് അതിഥിത്തൊഴിലാളികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് നിസാര പരിക്കേറ്റു. ലോറിയില്‍ 1700 കോഴികളുണ്ടായിരുന്നു.
ഇതില്‍ അഞ്ഞൂറോളം ജീവനോടെയുണ്ടായിരുന്നു. ബാക്കിയെല്ലാം ചത്തു. ജീവനുള്ള കോഴികളെ ലോറിക്കാര് മറ്റൊരു വാഹനത്തില്‍ കൊണ്ടുപോയി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ഗാന്ധിനഗര്‍ പോലീസ് പറഞ്ഞു.
നാട്ടുകാര്‍ കോഴികളെ കാറുകളിലും ഓട്ടോറിക്ഷയിലുമായി കൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്.