ഈരാറ്റുപേട്ടയിൽ കാർഷിക ഉത്പന്ന വിപണന കേന്ദ്രത്തിന് തറക്കല്ലിട്ടു
1496652
Sunday, January 19, 2025 10:01 PM IST
കോട്ടയം: ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജനവികാസ് കാര്യക്രം നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ അഭിനന്ദനാർഹമായ പങ്കാണ് വഹിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. പ്രധാനമന്ത്രി ജനവികാസ് കാര്യക്രം പ്രകാരം ഈരാറ്റുപേട്ടയിൽ ആരംഭിക്കുന്ന കാർഷിക ഉത്പന്ന വിപണന കേന്ദ്രം (ഹുണാർ ഹബ്), വനിതാ നൈപുണ്യ വികസന കേന്ദ്രം എന്നിവയുടെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈരാറ്റുപേട്ട കടുവാമൂഴിയിൽ നടന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ, ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, നഗരസഭാംഗങ്ങളായ ഫസിൽ റഷീദ്, സജീർ ഇസ്മായിൽ, നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, എസ്.കെ. നൗഫൽ, അബ്ദുൾ ലത്തീഫ്, ഷൈമ, ലീന ജയിംസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ പ്രസംഗിച്ചു.