ആവേശമായി പാലാ മാരത്തണ്‍
1496686
Sunday, January 19, 2025 11:04 PM IST
പാലാ: പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഇന്നലെ നടത്തിയ പാലാ മാരത്തണ്‍ ആവേശമായി. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ബിയും സെന്റ് തോമസ് കോളജും എന്‍ജിനിയേഴ്സ് ഫോറവും ഡെക്കാത്തലന് കോട്ടയവും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. പാലാ സെന്റ് തോമസ് കോളജില്‍നിന്ന് ആരംഭിച്ച 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍ പാലാ-ഈരാറ്റുപേട്ട റോഡില്‍ മേലന്പാറ വരെ പോയി തിരികെ കോളജിലാണ് ഫിനിഷ് ചെയ്തത്.
50 വയസിനു മുകളില്‍ പുരുഷ വിഭാഗം 21 കിലോമീറ്ററില്‍ സാബു ജി. തെരുവില്‍, 50 വയസിന് താഴെ മുഹമ്മദ് സബീല്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. വനിതാ വിഭാഗം 50 വയസിന് മുകളില്‍ 21 കിലോമീറ്റര്‍ എ.കെ.രമയും 50 വയസിന് താഴെ പൗര്‍ണമിയും ജേതാക്കളായി.
പുരുഷ വിഭാഗം 10 കിലോമീറ്റര്‍ 50ന് മുകളില്‍ സാബു പോള്‍, 50നു താഴെ കെ.അരുൺ എന്നിവർ വിജയികളായി. വനിതാ വിഭാഗം 10 കിലോമീറ്റര്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ എല്‍സമ്മ ചെറിയാന്, ജി. ജിന്‍സി എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
വ്യത്യസ്ത വിഭാഗം മത്സരങ്ങള്‍ ഡിവൈഎസ്പി കെ. സദന്, പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, മാഗി ജോസ് മേനാംപറമ്പില്‍ എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനത്തില്‍ പാലാ ഡിവൈഎസ്പി കെ. സദന് വിജയികള്‍ക്ക് കാഷ് പ്രൈസും സമ്മാനങ്ങളും നല്കി. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും മെഡലുകള്‍ വിതരണം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മുന്നൂറിലധികം മത്സരാര്‍ഥികള്‍ പാലാ മാരത്തണില്‍ പങ്കെടുത്തു.
മൂന്നു കിലോമീറ്റര്‍ ഫാമിലി ഫണ്‍ റൈസില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്.