പദ്ധതിവിഹിതം ഏറ്റവും കുറവ് ചെലവഴിച്ച തദ്ദേശ സ്ഥാപനമായി കോട്ടയം നഗരസഭ
1496899
Monday, January 20, 2025 7:10 AM IST
കോട്ടയം: ജില്ലയില്‍ പദ്ധതിവിഹിതം ഏറ്റവും കുറവ് ചെലവഴിച്ച തദ്ദേശ സ്ഥാപനമായി കോട്ടയം നഗരസഭ. 2024-25 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കഷ്ടിച്ച് രണ്ടര മാസം മാത്രം ബാക്കിനില്‍ക്കെ 14.56 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. ശനിയാഴ്ച നടന്ന ഡിപിസി യോഗത്തില്‍ നഗരസഭയെ കളക്ടര്‍ ഉള്‍പ്പെടയുള്ളവര്‍ പരസ്യമായി ശാസിച്ചു.
വിമര്‍ശനമുണ്ടാകുമെന്ന് മനസിലാക്കിയ ചെയര്‍പേഴ്സണോ വൈസ്ചെയര്‍മാനോ യോഗത്തില്‍ പങ്കെടുക്കാതെ സെക്ഷന്‍ ക്ലര്‍ക്കിനെയാണ് അയച്ചത്. പാവപ്പെട്ടവരുടെ ആനുകൂല്യങ്ങളടക്കം നഗരസഭ കൊടുക്കാത്തതിന് വിമര്‍ശനവും പ്രതിഷേധവും യോഗത്തിലുണ്ടായി. പട്ടികജാതിക്കാര്‍ക്കുള്ള ഫണ്ടില്‍ 20 ലക്ഷം രൂപയും സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ 90 ലക്ഷം രൂപയ്ക്ക് പദ്ധതിയംഗീകാരവും നഗരസഭ മേടിച്ചിട്ടില്ല.
മുന്‍ വര്‍ഷങ്ങളിലും എസ്സി ഫണ്ട് വിനിയോഗിക്കുന്നതില്‍ നഗരസഭ ഇതേനയം തന്നെയാണ് തുടരുന്നത്. വ്യക്തിഗത ആനുകൂല്യമായി 6,701 പേര്‍ക്ക് ചെലവഴിക്കേണ്ട 5.94 കോടി രൂപയില്‍ ഒരുരൂപ പോലും ചെലവഴിച്ചിട്ടില്ല. വൃദ്ധര്‍ക്ക് കട്ടില് നല്കുന്ന പദ്ധതിയടക്കം മുടങ്ങിപ്പോയി.
211 കോടി രൂപയുടെ ചെക്ക്തട്ടിപ്പ് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് നഗരസഭയില്‍ നടക്കുന്ന കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുന്നത്. പദ്ധതികള്‍ നടപ്പിലാക്കാത്തതിലൂടെ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ചെയര്‍പേഴ്സണും സംഘവും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. സാങ്കേതിക തകരാറാണെന്നാണ് വിഷയത്തിന്മേല് ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്റെ ഭാഷ്യം.