വേനല്‍ കടുക്കുംമുമ്പേ പാല് ഉത്പാദനത്തില്‍ ഇടിവ്
1496930
Tuesday, January 21, 2025 12:01 AM IST
കോട്ടയം: വേനല്‍ കടുക്കുംമുമ്പേ പാല് ഉത്പാദനത്തില്‍ ഇടിവ്. ഡിസംബറില്‍ ജില്ലയില്‍ പ്രതിദിനം ശരാശരി 6,389 ലിറ്ററിന്റെ കുറവാണുണ്ടായത്. 2023 ഡിസംബറില്‍ പ്രതിദിന ഉത്പാദനം 84,519 ലിറ്ററായിരുന്നു. ഇതാണ് കഴിഞ്ഞമാസം 78,130 ലിറ്ററായി കുറഞ്ഞത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നവംബറിലും 8,746 ലിറ്ററിന്റെ കുറവുണ്ടായി. പ്രതിദിനം 15,014 ലിറ്ററിന്റേതാണ് കുറവ്.
കനത്ത ചൂട് അനുഭവപ്പെടുന്നതിന് മുമ്പുതന്നെ പാല് ഉത്പാദനത്തിലുണ്ടായ കുറവ് ക്ഷീരവികസനവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. വേനല്‍ ശക്തിപ്രാപിക്കുന്ന മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇനിയും ഉത്പാദനം താേഴക്ക് പോകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. നിലവില്‍ തീറ്റപ്പുല്ലിന്റെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. വരുംമാസങ്ങളില്‍ തീറ്റപ്പുല്‍ ക്ഷാമം രൂക്ഷമാകും. ഇതോടെ ഉത്പാദനം ഇനിയും കുറയാനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി അനുഭവപ്പെടുന്ന ഉയര്‍ന്ന ചൂടില്‍ പുല്ല് വലിയ തോതില്‍ ഉണങ്ങിപ്പോയിരുന്നു. പാടങ്ങളിലും പാടങ്ങളോടും നദികളോടും ചേര്‍ന്നുള്ള പ്രദേശങ്ങളിലും മാത്രമാണ് പുല്ല് ഉള്ളത്. പച്ചപുല്ലിനു കടത്ത ക്ഷാമമാണ് നേരിടുന്നത്. ക്ഷീരമേഖലയില്‍നിന്നുള്ള കര്‍ഷകരുടെ കൊഴിഞ്ഞുപോക്കും ഉത്പാദനത്തെ ബാധിച്ചതായാണ് വിലയിരുത്തല്‍. ചെലവ് കുത്തനെ കൂടിയതോടെ കന്നുകാലി വളര്‍ത്തല്‍ ഒട്ടേറെപ്പേര്‍ ഉപേക്ഷിച്ചിരുന്നു. കാലിത്തീറ്റ, മരുന്ന്, പച്ചപ്പുല്‍ എന്നിവയുടെ വില വലിയതോതിലാണ് വര്‍ധിച്ചത്. വെറ്ററിനറി മരുന്നുകളുടെ വര്‍ധനയും തിരിച്ചടിയായി.
ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കാത്തതും പശുക്കള്‍ക്ക് ഇടക്കിടെ രോഗം വരുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി. വയ്ക്കോലിനും തോന്നുംപടിയാണ് വില. ഇതോടെ പശു വളര്‍ത്തല്‍ നഷ്ടത്തിലേക്ക് നീങ്ങുകയും പലരും മേഖലയില്‍നിന്ന് പിന്‍വാങ്ങുകയുമായിരുന്നു. ഫാമുകളുടെ എണ്ണത്തിലും കുറവുണ്ടായി. റബര്‍ വിലയിടിവിനെത്തുടര്‍ന്ന് മലയോരമേഖലയിലെ കര്‍ഷകര്‍ കൂട്ടമായി പശു വളര്‍ത്തലിലേക്ക് തിരിഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കിയതോടെ വന്‍തോതില്‍ ഫാം മാതൃകയിലും കര്‍ഷകര്‍ രംഗത്തെത്തി. ഇതോടെ പാല് ഉത്പാദനം വര്‍ധിച്ചു. എന്നാല്‍, തുടരെ പ്രതിസന്ധികള്‍ രൂപപ്പെട്ടതോടെ ഇവരും പിന്മാറി.
ക്ഷീരകര്‍ഷകരുടെ ഇന്‍സെന്റീവിൽ
അനിശ്ചിതത്വം
കോട്ടയം: ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന ഇന്‍സെന്റീവിലും അനിശ്ചിതത്വം. ജില്ലയിലെ ക്ഷീര സംഘങ്ങള്‍ ഉള്‍പ്പെടുന്ന മിൽമ എറണാകുളം മേഖല നല്കി വന്നിരുന്ന ഇന്‍സെന്റീവ് നിലവിലെ തീരുമാനപ്രകാരം ഈ മാസം 31ന് നിലക്കും. ഇതോടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന തുകയില്‍ അഞ്ച് രൂപയുടെ കുറവുണ്ടാകും. ലിറ്ററൊന്നിന് 10 രൂപയാണ് ഇന്‍സെന്റീവായി നല്‍കുന്നത്. ഇതില്‍ അഞ്ച് രൂപ കര്‍ഷകര്‍ക്കും നാല് രൂപ സംഘങ്ങളുടെ നടത്തിപ്പിനും ഒരു രൂപ സംഘങ്ങളുടെ യൂണിയന് ഓഹരി മൂലധനത്തിലേക്കുമാണ് നല്‍കിയിരുന്നത്. 2024 ഓഗസ്റ്റ് 11ന് ആരംഭിച്ച പദ്ധതി പിന്നീട് ജനുവരി 31 വരെ നീട്ടുകയായിരുന്നു. ഇന്‍സെന്റീവ് മാര്‍ച്ച് 31 വരെ നീട്ടാന്‍ രണ്ടാഴ്ച മുമ്പ് ചേര്‍ന്ന പൊതുയോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, പൊതുയോഗം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതോടെ തുടര്‍നടപടി അനിശ്ചിതത്വത്തിലായി.
ഇനി മില്‍മ എറണാകുളം മേഖല തെരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍ വരുന്ന ഭരണസമിതിയാകും ഇതില്‍ തീരുമാനമെടുക്കുക.
ഇന്‍സെന്റീവ് ഉള്‍പ്പെടെ പല കര്‍ഷകര്‍ക്കും ഒരു ലിറ്റര്‍ പാലിന് 50 രൂപപോലും സഹകരണസംഘങ്ങളില്‍നിന്ന് ലഭിക്കാത്ത സ്ഥിതിയാണ്. ഇത് കുറഞ്ഞാല്‍ പിടിച്ചുനില്ക്കാന് കഴിയില്ല. 60 രൂപയെങ്കിലും ലഭിച്ചെങ്കില്‍ മാത്രമേ, ക്ഷീരമേഖലയില്‍ ലാഭനഷ്ടമില്ലാതെ നിലനിന്ന് പോകാന്‍ കഴിയുകയുള്ളൂവെന്നും കര്‍ഷക് പറയുന്നു.