ഒടിഞ്ഞുതൂങ്ങിയ ശിഖരം അപകടഭീഷണിയിൽ; അരമുഴം കയറിൽ സുരക്ഷ ഒരുക്കി നാട്ടുകാർ
1496923
Monday, January 20, 2025 10:49 PM IST
മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങനയ്ക്കു സമീപം ഒടിഞ്ഞു തൂങ്ങി നിൽക്കുന്ന മരത്തിന്റെ ശിഖരം അപകടഭീഷണി ഉയർത്തുന്നു. ഒരാഴ്ച മുമ്പ് പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് ദേശീയപാതയുടെ വശത്തു നിൽക്കുന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞു റോഡിലേക്ക് വീണത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഇവ വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ, ഈ മരത്തിന്റെ തന്നെ മറ്റൊരു ഭീമൻ ശിഖരം പാതി ഒടിഞ്ഞ നിലയിലായിരുന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ ഇത് പൂർണമായും ഒടിഞ്ഞ് ഏതു നിമിഷവും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലായി.
ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലേക്ക് മരത്തിന്റെ ശിഖരം വീണാൽ വലിയ അപകടത്തിനു വഴിവയ്ക്കും. മരത്തിന്റെ ശിഖരം താഴേക്ക് പതിക്കാതിരിക്കാൻ നാട്ടുകാർ കയർ വലിച്ചുകെട്ടി നിർത്തിയിരിക്കുകയാണ്. വാഹന, കാൽനട യാത്രക്കാരുടെ തലയ്ക്കു മുകളിൽ ഇതുനിമിഷവും പതിക്കാവുന്ന രീതിൽ തൂങ്ങിക്കിടക്കുന്ന മരത്തിന്റെ ശിഖരം അടിയന്തരമായി വെട്ടിമാറ്റിയില്ലെങ്കിൽ ഇതു വലിയ അപകടങ്ങൾക്കാകും വഴിവയ്ക്കുക.
ഓരോ വർഷവും റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന മരങ്ങൾ വാഹനങ്ങളുടെ മുകളിൽ പതിച്ച് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
ഇത്തരത്തിൽ അപകടങ്ങൾക്ക് കാത്തുനിൽക്കാതെ അപകടഭീഷണിയായി മാറിയ മരം വെട്ടിമാറ്റാൻ അധികാരികൾ തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.