താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാള്‍ സമാപിച്ചു
1496905
Monday, January 20, 2025 7:10 AM IST
കടുത്തുരുത്തി: സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാള്‍ സമാപിച്ചു. പ്രധാന തിരുനാള്‍ ദിനമായ ഇന്നലെ നടന്ന പ്രദക്ഷിണം ഭക്തിസാന്ദ്രമായി. രാവിലെ 9.30ന് ആരംഭിച്ച തിരുനാള്‍ റാസയെത്തുടര്‍ന്ന് പ്രദക്ഷിണം ആരംഭിച്ചു. പള്ളിചുറ്റി നടന്ന പ്രദക്ഷിണത്തില്‍ മുമ്പില്‍ കാവല്‍മാലാഖയുടെ തിരുസ്വരൂപവും തുടര്‍ന്ന് വിശുദ്ധരുടെയും പുണ്യവാന്മാരുടെയും തിരുസ്വരൂപങ്ങളും ഒടുവിലായി പരിശുദ്ധ ദൈവമാതാവിന്റെയും ഏറ്റവും പിന്നിലായി തിരുക്കുടുംബത്തിന്റെയും തിരുസ്വരൂപങ്ങള്‍ വിശ്വാസികള്‍ വഹിച്ചു.
സ്ഥാനവസ്ത്രങ്ങളണിഞ്ഞ ദര്‍ശനസമൂഹം പ്രദക്ഷിണത്തില്‍ പങ്കെടുത്തു. തിരുനാള്‍ റാസയ്ക്ക് ഫാ. അഗസ്റ്റിന് കണ്ടത്തികുടിലില്‍ കാര്‍മികത്വം വഹിച്ചു. റവ. ഡോ. ജേക്കബ് താന്നിക്കപ്പാറ തിരുനാള്‍ സന്ദേശം നല്കി.
വൈകുന്നേരം അഞ്ചിന് നടന്ന വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സ്ലീവാവന്ദനം ആരംഭിച്ചു. താഴത്തുപള്ളിയില്‍ ദര്‍ശനത്തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക പ്രാര്‍ഥനയാണ് സ്ലീവാവന്ദനവും റംശാ പ്രാര്‍ഥനയും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിച്ച തിരുക്കര്‍മങ്ങളില്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഫൊറോനാ വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ എന്നിവർ സഹകാർമികരായി.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ തിരുനാള്‍ സന്ദേശം നല്കി. തിരുനാള്‍ സ്മരണികയുടെ സമര്‍പ്പണവും ആര്‍ച്ച്ബിഷപ് നിര്‍വഹിച്ചു.
മെഗാഷോയും നടന്നു. ഇന്നു മരിച്ചവരുടെ ഓര്‍മദിനത്തില്‍ രാവിലെ ആറിന് പഴയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം, 7.30ന് പുതിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന.