പക്ഷിപ്പനി: നിയന്ത്രണം നീക്കിയെങ്കിലും താറാവ്, കോഴി കർഷകർ ആശങ്കയിൽ
1496678
Sunday, January 19, 2025 11:04 PM IST
കോട്ടയം: പക്ഷിപ്പനിയെത്തുടര്ന്നു മൂന്നു താലൂക്കുകളിലെ നിയന്ത്രണം നീക്കിയെങ്കിലും താറാവ് ഉള്‍പ്പെടെയുള്ളവയെ വളര്‍ത്തുന്നതില്‍ കര്‍ഷകരില്‍ ആശങ്ക. താറാവ്, കോഴി കൃഷി പുനരാരംഭിക്കുന്നതിനുള്ള ഭാരിച്ച ചെലവും സീസണ് ആകുമ്പോഴുള്ള പക്ഷപ്പനിയുമാണ് കര്‍ഷകരെ പുനരാലോചനയിലേക്ക് നയിക്കുന്നത്.
പക്ഷിപ്പനി വ്യാപനത്തെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയ്ക്കൊപ്പം ജില്ലയില്‍ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളില്‍ കഴിഞ്ഞ ഡിസംബര്‍ 31 വരെയാണു പക്ഷിവിപണനവും വളര്‍ത്തലും നിരോധിച്ചിരുന്നത്.
നിയന്ത്രണം അവസാനിച്ചെങ്കിലും പഴയ നിലയിലേക്കു കാര്യങ്ങളെത്താന്‍ ഇനിയും സമയമെടുക്കും. പല കര്‍ഷകരും കൃഷി പാടെ ഉപേക്ഷിച്ചു.
സെപ്റ്റംബര്‍ ആദ്യം പുറത്തിറക്കിയ ഉത്തരവു പ്രകാരമായിരുന്നു നിരോധനം. പുതിയ നിര്‍ദേശങ്ങളൊന്നും വന്നിട്ടില്ല. നിയന്ത്രണമുണ്ടായിരുന്ന മേഖലകളില്‍ ഇനിമുതല്‍ പക്ഷികളെ എത്തിക്കുകയും വളര്‍ത്തുകയും ചെയ്യാം. ദേശാടനപ്പക്ഷികളുടെ മടങ്ങിപ്പോക്ക് പൂര്‍ത്തിയാകുന്നതു വരെ നിയന്ത്രണം തുടരണമെന്നു പക്ഷിപ്പനിയെക്കുറിച്ചു പഠിച്ച വിദഗ്ധ സമിതി ആവശ്യപ്പെടുന്നുണ്ട്. ഈ നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിച്ചാല്‍ നിയന്ത്രണം നീട്ടിയേക്കാമെന്നു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഹാച്ചറികളില്‍ ഉള്‍പ്പെടെ രോഗം സ്ഥിരീകരിച്ചു പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിനാല്‍ ഇപ്പോള്‍ വളര്‍ത്തുന്നതിന് ആവശ്യാനുസരണം കോഴി, താറാവു കുഞ്ഞുങ്ങള്‍ ഈ മേഖലകളില്‍ ലഭ്യമല്ല. കോട്ടയം, വൈക്കം താലൂക്കുകളിലെ താറാവു കര്‍ഷകരാണ് ഏറെ വലയുന്നത്.
ഫാം പ്രവര്‍ത്തനം നിറുത്തിയത് സാധാരണക്കാര്‍ക്കും വന്‍ നഷ്ടമാണുണ്ടാക്കിയത്. ഫാമില്‍നിന്ന് ദിവസങ്ങള്‍ പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി വില്‍ക്കുന്ന നിരവധിപ്പേരുടെ സ്ഥിരവരുമാനംകൂടി നിലച്ചു. കോഴികളെ കൊന്നതും ഫാം പൂട്ടിയതും വരുമാനം പൂര്‍ണമായും നിലച്ചതും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കുന്നത്. ഒരു മാസമെങ്കിലും കഴിഞ്ഞാലേ ഫാമുകളുടെ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ എത്തുകയുള്ളൂ.
ജില്ലയിലെ കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ ആശ്രയമായിരുന്ന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മണര്‍കാട് പൗള്‍ട്രി ഫാമിന്റെ പ്രവര്‍ത്തനവും ആശങ്കയില്‍. ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആറു മാസം മുമ്പാണ് ഫാം പൂട്ടിയത്. നിയന്ത്രണം മാറിയെങ്കിലും ഇവിടെ പക്ഷികളെ വളര്‍ത്തുന്നത് സംബന്ധിച്ചു തീരുമാനമായിട്ടില്ല.
ഫാം അണുവിമുക്തമാക്കിയെങ്കിലും സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയൂ. ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇവിടെനിന്നു കോഴിക്കുഞ്ഞുങ്ങളെയും മുട്ടയുമൊക്കെ വാങ്ങിയിരുന്നവര്‍ ഏറെ ബുദ്ധിമുട്ടുകയാണ്.