തിരുസ്വരൂപം പ്രതിഷ്ഠിച്ചു, ദേശക്കഴുന്ന് ആരംഭിച്ചു ; അതിരമ്പുഴ പള്ളിയിലേക്ക് ഭക്തജന പ്രവാഹം
1496929
Tuesday, January 21, 2025 12:01 AM IST
അതിരമ്പുഴ: നൂറുകണക്കിന് ഭക്തജനങ്ങളുടെ പ്രാർഥനയുടെ അകമ്പടിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിച്ചു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ നടന്ന തിരുസ്വരൂപ പ്രതിഷ്ഠ ഭക്തിനിർഭരമായി. നാലു ദിവസം നീണ്ടുനിൽക്കുന്ന ദേശക്കഴുന്നിന് തുടക്കം കുറിക്കുകകൂടി ചെയ്തതോടെ അതിരമ്പുഴ പള്ളിയിലേക്ക് ഭക്തജന പ്രവാഹമായി.
ഇന്നലെ രാവിലെയായിരുന്നു തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചത്. വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിലിന്റെ കാർമികത്വത്തിൽ മദ്ബഹയിൽനിന്നു പുറത്തെടുത്ത തിരുസ്വരൂപം പ്രത്യേക രൂപക്കൂട്ടിൽ പ്രതിഷ്ഠിച്ചു. ഏലക്കാ മാലകളും നെൽക്കതിരും കാർഷിക വിഭവങ്ങളുമടക്കം വിശ്വാസികൾ വിശുദ്ധന് കാണിക്കയായി അർപ്പിച്ചു.
കഴുന്ന് വെഞ്ചരിപ്പിനു ശേഷം വിശുദ്ധന്റെ തിരുസ്വരൂപവുമായി ചെറിയപള്ളിയിലേക്ക് പ്രദക്ഷിണം നടത്തി. നൂറു കണക്കിനു വിശ്വാസികൾ പ്രദക്ഷിണത്തെ അനുധാവനം ചെയ്തു. പൂക്കളും തളിർ വെറ്റിലയും വിതറി വിവിധ മതസ്ഥരായ ഭക്തർ വിശുദ്ധനോടുള്ള ആദരവും വണക്കവുമറിയിച്ചു.
പ്രദക്ഷിണത്തിനു ശേഷം തിരുസ്വരൂപം ചെറിയപള്ളിയിൽ പ്രതിഷ്ഠിച്ചു. 24ന് രാത്രി എട്ടുവരെ തിരുസ്വരൂപം ചെറിയപള്ളിയിലായിരിക്കും. ഈ ദിവസങ്ങളിലെ തിരുനാൾ തിരുക്കർമങ്ങൾ ചെറിയപള്ളിയിൽ നടക്കും. വിശ്വാസികൾ കഴുന്ന് എഴുന്നള്ളിക്കുന്നതും ഇവിടെയായിരിക്കും. നാലു ദിവസം നീണ്ടുനിൽക്കുന്ന ദേശക്കഴുന്ന് ഇന്നലെ ആരംഭിച്ചു. ഇന്നലെ പടിഞ്ഞാറുംഭാഗത്തിന്റെ ദേശക്കഴുന്നാണ് നടന്നത്. വൈകുന്നേരം ആറിന് പടിഞ്ഞാറുംഭാഗത്തിലെ മൂന്നു കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച പ്രദക്ഷിണങ്ങൾ സംഗമിച്ച് രാത്രി ഒമ്പതിന് ചെറിയപള്ളിയിൽ എത്തി സമാപിച്ചു.