പ്രാർഥനാഗീതങ്ങളുടെ നിറവിൽ അതിരമ്പുഴ തിരുനാളിനു കൊടിയേറി
1496680
Sunday, January 19, 2025 11:04 PM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. തിങ്ങിനിറഞ്ഞ വിശ്വാസികളുടെ അധരങ്ങളിൽനിന്നുതിർന്ന പ്രാർഥനാഗീതങ്ങളുടെ നിറവിൽ ഇന്നലെ രാവിലെ 7.45ന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റുകർമം നിർവഹിച്ചു.
മോൺ. ജോർജ് പുതുശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ടോണി കോയിൽപറമ്പിൽ, നവീൻ മാമൂട്ടിൽ, ഫാ. ജോബി മംഗലത്തുകരോട്ട്, ഫാ. അലക്സ് വടശേരിൽ എന്നിവർ സഹകാർമികരായി. കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, കെ.എം. ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ മർക്കോസ് കുഴിംതൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
ഈശോയുടെ ജനനത്തിന്റെ 2025-ാം വർഷ ജൂബിലിവർഷത്തെ തിരുനാൾ കൊടിയേറ്റിൽ ഇടവകയിലെ 2500ലേറെ കുടുംബങ്ങൾ ഭവനങ്ങളിൽ പേപ്പൽ പതാക ഉയർത്തി പങ്കാളികളായി.
വൈകുന്നേരം കോട്ടയം ടെക്സ്റ്റൈൽസിൽ നിന്നുള്ള കഴുന്നുപ്രദക്ഷിണം നടന്നു. അതിരമ്പുഴ തിരുനാളിന്റെ ആദ്യ കഴുന്നുപ്രദക്ഷിണം കോട്ടയം ടെക്സ്റ്റൈൽസിൽനിന്നാണ്. കഴിഞ്ഞ 53 വർഷമായി തുടരുന്ന പതിവാണിത്.
തിരുസ്വരൂപ പ്രതിഷ്ഠ ഇന്ന്
വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം ഇന്ന് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. രാവിലെ 7.30ന് വലിയപള്ളിയുടെ മദ്ബഹയിൽനിന്ന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിലിന്റെ നേതൃത്വത്തിൽ പുറത്തെടുക്കുന്ന തിരുസ്വരൂപം പരമ്പരാഗത ആഭരണങ്ങൾ ചാർത്തിയ ശേഷം മോണ്ടളത്തിലേക്ക് സംവഹിച്ച് രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കും. തുടർന്ന് കഴുന്നു വെഞ്ചരിപ്പിനു ശേഷം തിരുസ്വരൂപവുമായി ചെറിയ പള്ളിയിലേക്ക് പ്രദക്ഷിണം. ഒമ്പതിന് തിരുസ്വരൂപം ചെറിയ പള്ളിയിൽ പ്രതിഷ്ഠിക്കും.
24ന് രാത്രിവരെ തിരുസ്വരൂപം ചെറിയ പള്ളിയിലായിരിക്കും. ഈ ദിവസങ്ങളിലെ തിരുനാൾ തിരുക്കർമങ്ങൾ ചെറിയ പള്ളിയിലായിരിക്കും.
ദേശക്കഴുന്നിന് ഇന്ന് തുടക്കം കുറിക്കും. 23 വരെയാണ് ദേശക്കഴുന്ന്. പ്രധാന തിരുനാൾ ആഘോഷങ്ങൾ 24, 25 തീയതികളിൽ നടക്കും. 24ന് പ്രശസ്തമായ നഗര പ്രദക്ഷിണം. 25ന് രാവിലെ റാസ അർപ്പണം.
വൈകുന്നേരം 22 വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിക്കപ്പെടുന്ന തിരുനാൾ പ്രദക്ഷിണം. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണം. അന്നു രാത്രി എട്ടിന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം മദ്ബഹയിൽ പുനഃപ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ സമാപിക്കും.