അറിവിന്റെ വാതായനം തുറന്ന് ലുമിനാരിയ; മനംനിറഞ്ഞ് സന്ദര്‍ശകര്‍
1496684
Sunday, January 19, 2025 11:04 PM IST
പാലാ: പഴമയുടെയും പുതുമയുടെയും വൈവിധ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിസ്മയ കാഴ്ചകളുടെ ദൃശ്യാവിഷ്കാരങ്ങളാണ് പ്ലാറ്റിനം ജൂബലി ആഘോഷത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളജ് ഓട്ടോണമസിലെ വിവിധ സ്റ്റേജുകളിലും സ്റ്റാളുകളിലും ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ പ്രമുഖരായ ഇരുപതോളം പ്രസാധകര്, പതിനായിരത്തോളം പുസ്തകങ്ങള്‍, മനുഷ്യശരീരശാസ്ത്രത്തിന്റെ ഉള്ളറകള്‍ തുറന്നുകാട്ടുന്ന മെഡക്സ്, ആദ്യകാല മലയാളസിനിമയുടെ ദൃശ്യാനുഭവങ്ങളെയും താരങ്ങളെയും പുനരാവിഷ്കരിക്കുന്ന വെള്ളിത്തിര, കളിമണ്ണില്‍നിന്ന് ചേതോഹരമായ കലാശില്പങ്ങള് കണ്മുന്നില് കടഞ്ഞെടുക്കുന്ന കരവിരുത്, ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സ് ജേതാവ് ബിജി ജോസഫിന്റെ കരവിരുതുകൊണ്ട് കല്ലില്‍ കവിത വിരിഞ്ഞതു പോലുള്ള ആയിരത്തഞ്ഞൂറോളം സുന്ദര ശില്പങ്ങള്, കാര്‍ഷികസംസ്കൃതിയുടെ കരുത്തും മഹത്വവും വിളിച്ചോതുന്ന വിളകളുടെയും വിത്തിനങ്ങളുടെയും പ്രദര്‍ശനവും വിപണനവും, രുചി വൈവിധ്യത്തിന്റെ കൊതിപ്പിക്കുന്ന ജാലകങ്ങള്‍ തുറന്നിട്ട ഫുഡ് ഫെസ്റ്റ് എന്നിവ സന്ദര്‍ശകര്‍ക്ക് ഹരമാവുന്നു.
അഡ്വഞ്ചര്‍ സ്പോര്‍ട്സ്, പെയിന്റിംഗ് ബിനാലെ, ജൂതപ്പള്ളിയും ബേക്കല്‍ കോട്ടയും എം.ടിയുടെ ഓര്‍മകള്‍ പ്രസരിക്കുന്ന എം.ടി നഗറും ഉള്‍പ്പെട്ട പ്രദര്‍ശനശാലകള്‍, താളിയോലകളും പ്രാചീന യുദ്ധോപകരണങ്ങളും കാര്‍ഷിക-ഗൃഹോപകരണങ്ങളും സംഗീതോപകരണങ്ങളും നന്നങ്ങാടികളും ഉള്‍പ്പെട്ട പുരാവസ്തു പ്രദര്‍ശനം, ഔഷധസസ്യങ്ങള്‍, സുഗന്ധസസ്യങ്ങള്‍, ഇരപിടിയന്‍ സസ്യങ്ങള്‍, ബോണ്‍സായി മരങ്ങള്‍ ഉള്‍പ്പെടെയുള്ള സസ്യവൈവിധ്യങ്ങളുടെ വിശാലലോകം എന്നിങ്ങനെ അനുഭവങ്ങളുടെയും കാഴ്ചകളുടെയും പല ലോകങ്ങള്‍ കണ്ടറിഞ്ഞതിന്റെ നിറവിലാണ് സന്ദര്‍ശകര്‍ ലുമിനാരിയായുടെ ആദ്യദിനം പിന്നിട്ടത്.
വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഒരുക്കുന്ന ശാസ്ത്രപ്രദര്‍ശനവും പ്ലാനറ്റോറിയവും കൂടാതെ ഇന്റര്‍ കൊളീജിയറ്റ് ഡാന്‍സ് മത്സരങ്ങളും ഫാഷന്‍ ഷോയും സംഗീത നിശകളും കയാക്കിംഗും മോട്ടോ എക്സ്പോയും ഉള്‍പ്പെടെയുള്ള വൈവിധ്യങ്ങളുടെ വിസ്മയാനുഭവങ്ങളാണ് വരും ദിനങ്ങളില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. രാവിലെ പത്തുമുതല്‍ രാത്രി പത്തുവരെയാണ് സന്ദര്‍ശനസമയം.