ക്രൈസ്തവ ഐക്യ പ്രാര്‍ഥനക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
1496936
Tuesday, January 21, 2025 12:01 AM IST
കടുത്തുരുത്തി: സീറോമലബാര്‍ സഭയുടെ ആതിഥേയത്വത്തില്‍ കെസിബിസി എക്യുമെനിക്കല്‍ കമ്മീഷന്റെയും കെസിസിയുടെയും നേതൃത്വത്തില്‍ വ്യാഴാഴ്ച കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നടക്കുന്ന ക്രൈസ്തവ ഐക്യ പ്രാര്‍ഥനക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ അറിയിച്ചു.
പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തുന്ന സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍. റാഫേല്‍ തട്ടില്‍, സീറോമലബാര്‍ സഭ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍. ജോസഫ് കല്ലറങ്ങാട്ട് ഉള്‍പ്പെടെയുള്ള മറ്റു ബിഷപ്പുമാര്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിയവരെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിക്കഴിഞ്ഞു.
സീറോമലബാര്‍ സഭയുടെ എക്യുമെനിക്കല്‍ കമ്മീഷന് സെക്രട്ടി ഫാ. സിറില്‍ തോമസ് തയ്യില്‍, കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ. മാത്യു തയ്യില്‍, ഫാ. ജോസഫ് ചീനോത്തുപറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.