പ്ലാന്റ് കിട്ടിയത് എരുമേലിക്ക്; നേട്ടമായത് ഏറ്റുമാനൂരിന്
1496691
Sunday, January 19, 2025 11:04 PM IST
എരുമേലി: ശബരിമല സീസൺ മുൻനിർത്തി ശുചിമുറി മാലിന്യ സംസ്കരണത്തിന് മൊബൈൽ പ്ലാന്റ് എരുമേലിയിൽ ലഭിച്ചെങ്കിലും ഉപയോഗിച്ച് നേട്ടമാക്കിയത് ഏറ്റുമാനൂരുകാർ.
ശബരിമല സീസൺ ആരംഭിച്ച ശേഷം കഴിഞ്ഞ ജനുവരി 14 വരെയുള്ള കണക്കു പ്രകാരം എരുമേലിയിൽ പ്ലാന്റ് ഉപയോഗിച്ച് ശുചിമുറി മാലിന്യങ്ങൾ സംസ്കരിച്ച അളവ് 3,10,670 ലിറ്ററാണ്. അതേസമയം ഏറ്റുമാനൂർ നഗരസഭാ പരിധിയിൽ ഇതേ പ്ലാന്റ് ഉപയോഗിച്ച് ഇതേ കാലയളവിൽ ഇരട്ടിയിലേറെ അതായത് 6,42,250 ലിറ്റർ മാലിന്യം സംസ്ക്കരിച്ചു. എരുമേലി പഞ്ചായത്ത് മാസം ഒന്നര ലക്ഷം രൂപ വാടക നൽകിയാണ് പ്ലാന്റിന്റെ സേവനം ലഭ്യമാക്കിയത്. ഈ തുക സംസ്കരണ യൂസർ ഫീസിൽനിന്നു കണ്ടെത്തുന്നതിന് കുറഞ്ഞ ഉപയോഗം മൂലം ബുദ്ധിമുട്ടായതോടെ പ്ലാന്റ് പ്രവർത്തനം കൊണ്ട് പഞ്ചായത്തിന് വരുമാനം നേടാനായിട്ടില്ല. അതേസമയം ഏറ്റുമാനൂരിന് ലാഭം കൈവരിക്കാനായി.
എരുമേലിക്ക് ചങ്ങനാശേരി നഗരസഭയുടെയും സർക്കാർ അംഗീകൃത സ്ഥാപനത്തിന്റെയും മൊബൈൽ പ്ലാന്റുകൾ ശബരിമല സീസണിലേക്ക് നൽകിയപ്പോൾ ശബരിമല ഇടത്താവളമായ ഏറ്റുമാനൂരിലും ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. വേണ്ടത്ര പ്രചാരണം എരുമേലിയിൽ നടത്തിയിട്ടും പലരും പ്ലാന്റ് ഉപയോഗിക്കാൻ വിമുഖത കാട്ടിയപ്പോൾ ഏറ്റുമാനൂർ നഗരവാസികൾ ഈ അവസരം പ്രയോജനപ്പെടുത്തി.
മന്ത്രി വി.എൻ. വാസവൻ പ്രത്യേകം നിർദേശം നൽകിയാണ് പ്ലാന്റ് അനുവദിച്ചത്. എരുമേലിയിൽ ശുചിമുറി മാലിന്യം തോട്ടിൽ എത്തുന്നെന്ന പരാതി ഇനി ഉണ്ടാകരുതെന്ന് മന്ത്രി കർശന നിർദേശം നൽകിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ശുചിത്വ മിഷൻ എന്നിവയുടെ മേൽനോട്ടത്തിൽ എരുമേലിയിൽ മാലിന്യ നിർമാർജനത്തിന് കൺട്രോൾ റൂം ആരംഭിക്കുകയും പ്ലാന്റ് അനുവദിക്കുകയും ചെയ്തത്.
ശബരിമല സീസണിൽ കച്ചവടമായി യൂസർ ഫീ ഈടാക്കി എരുമേലിയിൽ തോടിന്റെ സമീപത്തും മറ്റുമായി പ്രവർത്തിക്കുന്നത് നൂറുകണക്കിന് ശുചിമുറികളാണ്. ഇവയുടെയൊന്നും മാലിന്യ ടാങ്കുകൾ ശാസ്ത്രീയമായി നിർമിച്ചതല്ല. മാലിന്യങ്ങൾ പ്ലാന്റ് മുഖേനെ സംസ്കരിക്കാൻ നിർദേശം നൽകിയിട്ടും ദേവസ്വം ബോർഡ്, മുസ്ലിം ജമാഅത്ത്, ഏതാനും സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ മാത്രമാണ് മൊബൈൽ പ്ലാന്റ് വഴി സംസ്കരണം നടത്തിയത്.
മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉപയോഗിച്ച് ഏറ്റവും ആധുനികമായ നിലയിലാണ് ശുചിമുറി മാലിന്യങ്ങൾ സംസ്കരിച്ച് കൃഷിക്ക് ഉൾപ്പെടെ ജലസേചന ഉപയോഗത്തിനുള്ള വെള്ളമാക്കി മാറ്റുന്ന പ്രക്രിയ നടത്തുന്നത്. ചെറിയ നിരക്കിലുള്ള തുകയാണ് ഇതിന് ഫീസ് ഈടാക്കുന്നത്. എന്നാൽ, ഇത് പ്രയോജനപ്പെടുത്താൻ എരുമേലിയിൽ കഴിയാതെ പോയി. ശബരിമല സീസൺ സമാപിക്കുന്ന ഇന്ന് പ്ലാന്റ് സേവനം അവസാനിപ്പിക്കും.