നീർനായ ആക്രമണം; രണ്ടു പേര് ആശുപത്രിയില്‍ ചികിത്സ തേടി
1341614
Tuesday, October 10, 2023 7:06 AM IST
അയ്മനം: അയ്മനത്ത് രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു പേരെ നീർനായ (കഴുന്നായ) ആക്രമിച്ചു പരിക്കേല്പിച്ചു. മാങ്ങായില്‍ ഭാഗത്ത് മീനച്ചിലാറ്റില്‍ പഞ്ചായത്തുകടവില് കുളിക്കാന്‍ ഇറങ്ങിയ കല്ലോലിപ്പറമ്പില്‍ സുനില്‍കുമാറിനാണ് നീർനായയുടെ ആക്രമത്തില്‍ പരിക്കേറ്റത്. കാല്പാദത്തില് കടിയേറ്റു ഗുരുതരമായി സുനില്‍കുമാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
തൊട്ടടുത്ത മേക്കാട്ട് കടവില്‍ തുണി കഴുകിക്കൊണ്ടിരുന്ന ദിവാകരന്റെ ഭാര്യ ഓമനയെയും ആക്രമിച്ചു. കാലിന്റെ ഉപ്പൂറ്റിക്ക് ഗുരുതരമായി മുറിവേറ്റു. ഓമനയും ആശുപത്രിയില്‍ ചികിത്സ തേടി.
പകല്‍ സമയങ്ങളില്‍ പറമ്പുകളില്‍ കഴിയുന്ന നീർനായകള്‍ കൂട്ടത്തോടെയാണ് ആക്രമിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. വിവരം വനംവകുപ്പിൽ അറിയിച്ചു നടപടി സ്വീകരിക്കുമെന്ന് വാര്‍ഡ് മെംബര്‍ പ്രമോദ് തങ്കച്ചന് പറഞ്ഞു.