വെച്ചൂർ പഞ്ചായത്തിന് ബണ്ട് റോഡിനു സമീപം പുതിയ ഓഫീസ് സമുച്ചയം നിർമ്മിക്കും
1491229
Tuesday, December 31, 2024 4:44 AM IST
വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് ഓഫീസിനായി പുതിയ കെട്ടിടസമുച്ചയം നിർമിക്കും. വെച്ചൂർ മോഡേൺ റൈസ് മില്ലിന് സമീപം ഒന്പതാംവാർഡിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 51 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിട സമുച്ചയം നിർമിക്കാൻ ഡിപിസിയുടെ അംഗീകാരം ലഭിച്ചത്.
വൈക്കം-വെച്ചൂർ റോഡ് വികസനവുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ വാതിൽപ്പടി വരെയുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലാണ്.
ഇരുനില പഞ്ചായത്ത് കെട്ടിടം സ്ഥിതിചെയ്യുന്നത് 9.88 സെന്റ് സ്ഥലത്താണ്. അതിനാൽ കൂട്ടിച്ചേർക്കലുകളൊന്നും സാധ്യമല്ല. തൊഴിലുറപ്പ് വിഭാഗം, എൻജിനീയറിംഗ്, വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസ്, കുടുംബശ്രീ ഓഫീസ്, ഐസിഡിഎസ്ഓഫീസ് തുടങ്ങിയവ പ്രവർത്തിക്കുന്നതും ഈ കെട്ടിടത്തിലാണ്.
സ്ഥലപരിമിതി കണക്കിലെടുത്താണ് പുതിയ കെട്ടിടം പണിയാൻ അധികൃതർ തീരുമാനിച്ചത്. ബണ്ട് റോഡിൽ മോഡേൺ റൈസ് മില്ലിന് സമീപം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 51 സെന്റ് സ്ഥലത്ത് 2500 ചതുരശ്രയടി വിസ്തീർണത്തിൽ ആദ്യഘട്ടത്തിൽ ഒരുനിലയിലുള്ള കെട്ടിടം തീർക്കാനാണ് തീരുമാനം. ഒരുകോടി രൂപയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
പഞ്ചായത്തിന്റെ പ്ലാൻ ഫണ്ട് വിഹിതമായ 50 ലക്ഷം രൂപ ഇതിലേക്ക് വകയിരുത്തിയിട്ടുണ്ട്. ബാക്കിയുള്ള 50 ലക്ഷം രൂപ വായ്പയെടുക്കും. ആദ്യഘട്ട വായ്പ അനുവദിക്കുന്നതിന് കേരള ബാങ്ക് വെച്ചൂർ ശാഖ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വായ്പ എടുക്കാൻ സർക്കാരിന്റെ അനുമതി വേണം. അതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.