ആർഎസ്എസ് നടത്തുന്നത് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള അശ്ലീലശ്രമം: ഗോവിന്ദന്
1491234
Tuesday, December 31, 2024 4:44 AM IST
ചങ്ങനാശേരി: ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള അശ്ലീലശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
ജനുവരി രണ്ടു മുതല്‍ അഞ്ചുവരെ പാമ്പാടിയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹ സമരത്തിന്റെയും അതിനെ പിന്തുണച്ച സവര്‍ണ ജാഥയുടെയും 100-ാമത് വാര്‍ഷികം എന്ന വിഷയത്തില്‍ ചങ്ങനാശേരി പെരുന്നയില്‍ നടന്ന നവോത്ഥാന സദസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 430 സീറ്റ് വരെ ഭൂരിപക്ഷം നേടി ഭരണഘടന തിരുത്തി മതരാഷ്ട്രമെന്ന അജണ്ട നടപ്പാക്കാനായിരുന്നു ബിജെപിയുടെ ശ്രമമമെന്നും അത് ഭാരതജനത അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ 1924 നവംബര്‍ ഒന്നിന് വൈക്കത്തുനിന്നു പുറപ്പെട്ട് തിരുവനന്തപുരത്ത് സമാപിച്ച സവര്‍ണ ജാഥയുടെ 100-ാമത് വാര്‍ഷികമാണ് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചര്‍ച്ച വിഷയമാക്കുന്നത്.
നവോത്ഥാനസദസിനു മുന്നോടിയായി റെയില്‍വേ ജംഗ്ഷനില്‍ നിന്നാംരംഭിച്ച സാംസ്കാരിക ഘോഷയാത്ര പെരുന്ന നമ്പര്‍ 2 ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.വി. റസല്‍, കെ. അനില്‍കുമാര്‍, പി.കെ.ഹരികുമാര്‍, കൃഷ്ണകുമാരി രാജശേഖരന്, കെ.സി. ജോസഫ്, ഡോ.പി.കെ. പത്മകുമാര്‍, കെ.ഡി സുഗതന് എന്നിവര്‍ പ്രസംഗിച്ചു.