സി പി ഐ നേതാവ് ആർ.ബിജുവിന് വൈക്കം കണ്ണീരോടെ വിടയേകി
1491227
Tuesday, December 31, 2024 4:44 AM IST
വൈക്കം: സിപിഐയുടേയും ഇടതുപക്ഷത്തിന്റെയും സമരമുഖങ്ങളിലെ സജീവസാന്നിധ്യമായിരുന്ന ആര്.ബിജുവിന് വൈക്കം കണ്ണീരോടെ യാത്രാമൊഴിയേകി. ഇടത് വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ മൂന്ന് ദശാബ്ദത്തോളം വൈക്കത്ത് സജീവമായിരുന്ന ബിജു രാഷ്ട്രീയത്തിന് അതീതമായി വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്ന നേതാവായിരുന്നു.
ഇന്നലെ രാവിലെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മൃതദേഹം വൈക്കം ടൗൺ ഹാൾ അങ്കണത്തിൽ പൊതുദര്‍ശനത്തിനുവച്ചപ്പോൾ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ആളുകള്‍ ഒഴുകിയെത്തി. ബിജുവിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ ഞെട്ടലില്‍ നിറഞ്ഞ കണ്ണുകളുമായാണ് സുഹൃത്തുക്കളും സഖാക്കളും നാട്ടുകാരും അടക്കമുള്ള ജനാവലി അവസാനമായി ബിജുവിന്റെ ചേതനയറ്റ ശരീരം കണ്ടുമടങ്ങിയത്. ടൗണ്‍ഹാളിലെ പന്തലില്‍നിന്നും ചുവപ്പ് സേനാംഗങ്ങള്‍ ബിജുവിന്റെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോള്‍ വിലാപങ്ങള്‍ക്കുമീതെ കണ്ണീര്‍നനവുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്, മന്ത്രി പി. പ്രസാദ്, സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ആര്.രാജേന്ദ്രന്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സുരേഷ് ബാബു കൂത്തുപറമ്പ്, ശുഭേഷ് സുധാകരന്, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍, സെക്രട്ടറി ടി.ടി. ജിസ്മോന്, അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, മുന്‍എംഎല്‍എമാരായ സ്റ്റീഫന്‍ ജോര്‍ജ്, എല്‍ദോ എബ്രഹാം തുടങ്ങി നിരവധിപേർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
വീട്ടുവളപ്പിലെ സംസ്കാരത്തെ തുടര്‍ന്ന് വൈക്കം നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി.ബിനു അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ സി.കെ. ശശിധരന്, ആര്. രാജേന്ദ്രന്, കെപിസിസി അംഗം മോഹന്‍ ഡി. ബാബു, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.പി.കെ. ഹരികുമാര്‍,ഏരിയാ സെക്രട്ടറി പി. ശശിധരന്, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എബ്രഹാം പഴയകടവന്‍, കോണ്‍ഗ്രസ് എസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ.രവീന്ദ്രന്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോന്, സി.കെ.ആശ എംഎല്‍എ, നഗരസഭ വൈസ് ചെയര്മാന് പി.ടി.സുഭാഷ്, കേരളകോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബെന്‍സിതോമസ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന് കല്ലിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.