സചിവോത്തമപുരം കമ്യൂണിറ്റി സെന്ററില്‍ കിടത്തിചികിത്സ പുനരാരംഭിക്കുന്നു
1491232
Tuesday, December 31, 2024 4:44 AM IST
ചങ്ങനാശേരി: കുറിച്ചി സചിവോത്തമപുരം കമ്യൂണിറ്റി സെന്ററില്‍ നിര്‍മിച്ച ഐസൊലേഷന്‍ വാര്‍ഡിന്റെയും അതില്‍ പുനരാരംഭിക്കുന്ന കിടത്തിചികിത്സാ വിഭാഗത്തിന്റെയും ഉദ്ഘാടനം ആറിനു വൈകുന്നേരം നാലിന് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
1.35 കോടി രൂപ മുടക്കിയാണ് ഐസൊലേഷന്‍ വാര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. പത്ത് കിടക്കകളുള്ള ഐപി വാര്‍ഡാണ് ഇതില്‍ ക്രമീകരിക്കുന്നത്. അഡ്മിറ്റ് ചെയ്യുന്ന രോഗികളുടെ പരിചരണത്തിനായി 24 മണിക്കൂറും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാക്കുമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്, ആശുപത്രി സൂപ്രണ്ട് ഡോ. ജയന്തി എന്നിവര്‍ അറിയിച്ചു.
കുറിച്ചി, നീലംപേരൂര്‍, പനച്ചിക്കാട്, വാഴപ്പള്ളി പഞ്ചായത്തുകളിലെയും ചിങ്ങവനം മേഖലകളിലേയും സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്. കെട്ടിടത്തിന്റെ ജീര്‍ണതമൂലം മൂന്നുവര്‍ഷം മുമ്പാണ് ഐപി വിഭാഗം കെട്ടിടം പൊളിച്ചുമാറ്റിയത്. ഇതേത്തുടര്‍ന്ന് കിടത്തിചികിത്സാ വിഭാഗം പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഇത് ജനകീയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
അഞ്ചരക്കോടി രൂപ മുടക്കില്‍ പുതിയ ഒപി കെട്ടിടം, 52 ബെഡുള്ള ഐപി വിഭാഗം, മൈനര്‍ ഓപ്പറേഷന് തീയറ്റര്‍ എന്നിവ നിര്‍മിക്കുന്നതിനു പദ്ധതിയുണ്ടെന്നും ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.