പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ജില്ല; കുമരകത്തും വാഗമണിലും വന്‍ ആഘോഷപരിപാടികള്‍
1491222
Tuesday, December 31, 2024 4:14 AM IST
കോട്ടയം: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങി. അവധി, മഞ്ഞുകാലം, ആഘോഷം എന്നിവ ഒരുമിച്ചതോടെ ഒരാഴ്ച മുമ്പേ കുമരകം, വാഗമണ്‍, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളില്‍ തിരിക്ക് തുടങ്ങിയിരുന്നു. പുതുവത്സരാഘോഷത്തിനായി ഹോട്ടലുകളില്‍ ബുക്കിംഗ് എല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ഹരിയാന, മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഏറ്റവുമധികം മുറികള്‍ ബുക്ക് ചെയ്തിരിക്കുന്നത്.
ഉത്തരേന്ത്യയില്‍ വിവാഹ സീസണ് ആരംഭിച്ചതോടെ ഹണിമൂണിനു പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയരിക്കുകായണ് ഈ മേഖലകള്‍. പുതുവത്സരത്തെ വരവേല്‍ക്കാന്‍ കുമരകത്തെയും വാഗമണിലെയും പ്രധാന ഹോട്ടലുകളിലെല്ലാം ഇന്നു രാത്രി വിഭവസമൃദ്ധമായ ഗാലാ ഡിന്നര്‍, ഡിജെ, ലൈവ് ബാന്‍ഡ് മ്യൂസിക് എന്നിവയുണ്ട്.
ആഘോഷങ്ങളുടെ നിരക്ക്, മുറി വാടക എന്നിവ ഉള്‍പ്പെടുത്തി പ്രത്യേക പാക്കേജാക്കിയാണ് നല്‍കിയിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റും ഒരാള്‍ക്ക് 3,000 രൂപ വരെയാണ് (ഗാലാ ഡിന്നര്‍, മ്യൂസിക്, ഡിജെ) ചാര്‍ജ്.
കുമരകത്തെ കായല്‍ത്തീരത്ത് 2025നെ വരവേല്‍ക്കാന്‍ സഞ്ചാരികളുടെ ഒഴുക്കു നേരത്തെ തുടങ്ങിയിരുന്നു. ക്രിസ്മസ് അവധിക്കാലത്ത് സ്വദേശികളും വിദേശികളുമായി നൂറുകണക്കിനാളുകളാണ് എത്തിയത്. കുമരകത്തും സമീപപ്രദേശങ്ങളിലെയും മുഴുവന്‍ മുറികളും ബുക്കായി. ഹൗസ് ബോട്ടുകളിലെ ആഘോഷം ഉള്ക്കായലുകളില്നിന്നു മാറി തീരത്തോടു ചേര്‍ന്നായിരിക്കും. കുമരകത്തെ സഞ്ചാരികളില്‍ 40 ശതമാനത്തിലധികം വിദേശികളാണ്.
കുമരകത്ത് വേമ്പനാട് കായല്‍ത്തീരത്തെ 10 പ്രധാന ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പുതുവത്സര ആഘോഷങ്ങള്‍ ഇന്നു വൈകുന്നേരം ആരംഭിക്കും. കായല്‍മീനുകളും കക്കാ ഇറച്ചിയും ഉള്‍പ്പെടുത്തിയുള്ള സദ്യ പുതുവത്സര സ്പെഷലായി ചില ഹോട്ടലുകള്‍ അവതരിപ്പിക്കുന്നു. ഒരാള്‍ക്ക് 2,000 രൂപയാണ് ചാര്‍ജ്. വര്ഷാവസാനസൂര്യാസ്തമയം കാണാന്‍ കായലില്‍ പോകുന്നതിനുള്ള ശിക്കാര വള്ളങ്ങളും ഹൗസ് ബോട്ടുകളും ഒരുക്കിയിട്ടുണ്ട്. കരിമരുന്ന് കലാപ്രകടനവും പല റിസോര്‍ട്ടുകള്‍ ഒരുക്കിയിട്ടുണ്ട്.
വാഗമണിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
മഞ്ഞില്‍ കുളിച്ചു നില്ക്കുന്ന വാഗമണില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഇന്നു വൈകുന്നേരം മുതല്‍ പുതുവത്സരാഘോഷം ഒരുക്കിയിട്ടണ്ട്.
ഒറ്റയ്ക്കും ഗ്രൂപ്പായിട്ടും നേരത്തെ തന്നെ എല്ലാവരും റിസോര്‍ട്ടുകള്‍ ബുക്ക് ചെയ്തിരിക്കുകയാണ് . ഇതു കൂടാതെ പുതുവര്‍ഷ ആഘോഷത്തിനായി ധാരാളം പേര് രാത്രിയില്‍ വാഹനങ്ങളില്‍ വാഗമണിലെത്തും. വാഗമണ്ണിലെ കണ്ണാടിപ്പാലത്തിലേക്കും ആളുകളുടെ തിരക്കുണ്ട്. പുതുവര്‍ഷം ആഘോഷിക്കാന്‍ ആളുകള്‍ കൂടുതല്‍ എത്തുന്നതിനാല്‍ ഇന്നു രാവിലെ മുതല്‍ നാളെ വൈകുന്നേരം വരെ ശക്തമായ സുരക്ഷയും പരിശോധനയുമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. എക്സൈസിന്റെ നിരീക്ഷണവുമുണ്ട്.
ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലും പുതുവര്‍ഷ ആഘോഷത്തിനായി ആളുകള്‍ എത്തും. ഇവിടങ്ങളിലെ ഹോം സ്റ്റേകളും ആഘോഷത്തിനായി ധാരാളം പേര് ബുക്ക് ചെയ്തിരിക്കുകയാണ്. മാര്‍മല അരുവി, അരുവിക്കച്ചാല്‍, കട്ടിക്കയം, കിടങ്ങൂര്‍ കാവാലിക്കടവ്, നാലുമണിക്കാറ്റ് തുടങ്ങിയ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്കുണ്ട്.