148-ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ പെരുന്നയില്‍ നാളെ ആരംഭിക്കും
1491238
Tuesday, December 31, 2024 4:44 AM IST
ചങ്ങനാശേരി: ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്നയില്‍ നടക്കുന്ന സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 148-ാമത് ജയന്തി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പെരുന്ന എന്‍എസ്എസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ കേരളീയത്തനിമയില്‍ കമനീയമായ പന്തല്‍ ഒരുങ്ങിക്കഴിഞ്ഞു. 35,000ൽ അധികം പേര്‍ക്ക് ഇരുന്ന് സമ്മേളനത്തില്‍ പങ്കെടുക്കാവുന്ന പന്തലാണ് സജ്ജമായത്.
എന്‍എസ്എസ് ആസ്ഥാനമന്ദിരവും പരിസരവും ദീപാലങ്കാരങ്ങളാല്‍ മനോഹരമാക്കിയിട്ടുണ്ട്. നാളെ രാവിലെ 6.30 മുതല്‍ ഭക്തിഗാനാലാപനം. ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.15ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വിശദീകരണം നടത്തും. എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരം മൂന്നിന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. 6.30ന് നടി രമ്യാ നമ്പീശന് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രാത്രി ഒമ്പതിന് കഥകളി.
മന്നം ജയന്തിദിനമായ രണ്ടിന് രാവിലെ മുതല്‍ ഭക്തി ഗാനാലാപനം, ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.45ന് ജയന്തി സമ്മേളനം രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും.
എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാര്‍ അധ്യക്ഷത വഹിക്കും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി അനുസ്മരണ പ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും.