പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി നാട്
1491231
Tuesday, December 31, 2024 4:44 AM IST
കടുത്തുരുത്തി: പ്രതീക്ഷയുടെയും നന്മയുടെയും സന്തോഷത്തിന്റെയും നേട്ടങ്ങളുടെയും നാളുകളെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും. ഇന്ന് വൈകുന്നേരം ആറ് മുതല്‍ നാളെ പുലര്‍ച്ചെവരെ നീളുന്ന നിലയിലാണ് പുതുവര്‍ഷാഘോഷം നടക്കുന്നത്. ദേവാലയങ്ങളില്‍ ഇന്ന് രാത്രിയില്‍ വര്‍ഷാവസാന പ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വര്‍ഷാരംഭ പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും.
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രാത്രിയില്‍ തിരുക്കര്‍മങ്ങള്‍ക്കു ശേഷം കേക്ക് വിതരണവും നടത്തും. വിവിധ ക്ലബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ പുതുവത്സരാഘോഷത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പാപ്പാഞ്ഞിയെ അടക്കം പലയിടത്തും ഒരുക്കിയിട്ടുണ്ട്. എഴുമാന്തുരുത്ത് ഉത്തരവാദിത്വ ടൂറിസം ക്ലബ്ബ് കരയിലും വെള്ളത്തിലും പുതുവത്സരാഘോഷം നടത്താനുള്ള തയാറെടുപ്പിലാണെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.
കരിയാറിലും തീരപ്രദേശമായ എഴുമാന്തുരുത്ത് മാളിയേക്കല്‍ കടവ് മുതല്‍ ആയാംകുടി പള്ളിത്താഴം വരെയുള്ള ബണ്ട് റോഡിലുമായാണ് പുതുവത്സരാഘോഷം നടക്കുന്നത്. കരിയാറില്‍ വള്ളങ്ങളിലും ബോട്ടുകളിലുമായി സഞ്ചരിച്ച് ആഘോഷിക്കാനുള്ള സൗകര്യവുമുണ്ട്. ദീപാലംകൃതമായ കരയില്‍ സംഗീതവും ക്യാമ്പ് ഫയറിലും പങ്കെടുത്തും ആട്ടവും പാട്ടുമൊക്കെ ആസ്വദിച്ചും പുതുവര്‍ഷത്തെ വരവേല്‍ക്കാനാകും.
ഇന്ന് രാത്രി 11.55 ന് രണ്ട് മിനിറ്റ് വെളിച്ചം അണച്ചതിനുശേഷം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി 11.58 ന് പാപ്പാഞ്ഞിയെ കത്തിക്കും. മാഞ്ഞൂര്‍ പഞ്ചായത്തിലെ മേമ്മുറി സഹൃദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് പുതുവര്‍ഷ രാവ് എന്ന പേരില്‍ ഇന്ന് രാത്രി ആഘോഷം നടത്തും. ഗ്രാമത്തിലെ മുഴുവന്‍ കലാകാരന്മാരും കലാകാരികളും പ്രായഭേദമെന്യേ അണിയിച്ചൊരുക്കുന്ന നൃത്ത-സംഗീത-ഹാസ്യ വിസ്മയ പരിപാടിയാണ് പുതുവത്സരത്തെ വരവേല്‍ക്കാനായി മേമ്മുറിയില്‍ അവതരിപ്പിക്കുന്നതെന്ന് ക്ലബ് രക്ഷാധികാരി ജയിംസ് പുല്ലാപ്പള്ളില്‍ പറഞ്ഞു.
കടുത്തുരുത്തി, ഞീഴൂര്‍, മാഞ്ഞൂര്‍, കാണക്കാരി, ബ്രഹ്മമംഗലം, കാരിക്കോട്, മുളക്കുളം, കോതനല്ലൂര്‍, കല്ലറ, വെള്ളൂര്‍, തലയോലപ്പറമ്പ്, മറവന്തുരുത്ത് എന്നിവിടങ്ങളിലെല്ലാം വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പുതുവത്സരാഘോഷം നടക്കും. ആഘോഷം അതിര് വിടാതിരിക്കാന്‍ പരിശോധനയുമായി പോലീസും മോട്ടോര്‍ വാഹന വകുപ്പും നിരത്തിലുണ്ടാകും.