കാരുണ്യപ്രവര്‍ത്തനങ്ങള്‍ സഭയുടെ സാക്ഷ്യം: മാര്‍ തോമസ് തറയില്‍
1491239
Tuesday, December 31, 2024 4:44 AM IST
ചങ്ങനാശേരി: സഭയുടെ സാക്ഷ്യം കാരുണ്യപ്രവൃത്തികളിലൂടെയാണ് പൂര്‍ണമാകുന്നതെന്നും അതിനാല്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നാം പ്രഥമപരിഗണന നല്‍കണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി അതിരൂപതയുടെ പ്രധാന ജീവകാരുണ്യ സംരംഭമായ ജീവകാരുണ്യനിധി ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപത കേന്ദ്രത്തില്‍ നടന്ന വാര്‍ഷികസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് മോണ്‍. മാത്യു ചങ്ങങ്കരി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം ജീവകാരുണ്യനിധിയുടെ അമരക്കാരനായിരുന്ന അന്തരിച്ച ഫാ. ഗ്രിഗറി ഓണംകുളം അനുസ്മരണം ഡോ.രാജന് കെ. അമ്പൂരി നിര്‍വഹിച്ചു. സെക്രട്ടറി ഫാ. ബെന്നി കുഴിയടിയില്‍, ജോയിന്റ് സെക്രട്ടറി സജി മതിച്ചിപറമ്പില്‍, ട്രഷറര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ജോസഫ് തോമസ് കോട്ടക്കല്‍, മാത്തുക്കുട്ടി മണിയങ്ങാട്ട്, സേവ്യര്‍ തോമസ് കൊണ്ടോടി എന്നിവര്‍ പ്രസംഗിച്ചു.
കളര്‍ എ ഡ്രീം, കളര്‍ എ ഹോം പദ്ധതികളുടെ ഇടവകതല പ്രവര്‍ത്തനത്തില്‍ മികവു പുലര്‍ത്തിയ ഇടവകകള്‍ക്കുള്ള അവാര്‍ഡുകള്‍ മാര്‍ തോമസ് തറയില്‍ വിതരണം ചെയ്തു. കളര്‍ എ ഡ്രീം പദ്ധതിയില്‍ ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക, വെരൂര്‍ സെന്റ് ജോസഫ് എന്നീ ഇടവകകള്‍ക്ക് ട്രോഫിയും 60,000 രൂപയും അടങ്ങുന്ന ഡബിള്‍ മില്യന്സ്റ്റാര് അവാര്‍ഡും അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന ഇടവകയ്ക്ക് മില്യന്സ്റ്റാര് അവാര്‍ഡും നല്കി.
കളര്‍ എ ഹോം പദ്ധതിയില്‍ മികവുപുലര്‍ത്തിയ ഇടവകകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള കളര്‍ എ ഹോം എക്സലന്‍സ് അവാര്‍ഡ് തിരുവനന്തപുരം പൊങ്ങുമ്മൂട് സെന്റ് അല്‍ഫോന്‍സാ ഇടവക ഏറ്റുവാങ്ങി. ടോമിച്ചന് അയ്യരുകുളങ്ങര, മേഴ്സി മാത്യു കളരിക്കല്‍, ബിന്ദു ജോസഫ് കിഴക്കേച്ചിറ എന്നിവര്‍ നേതൃത്വം നല്കി.