യാത്രാ ദുരിതത്തിൽ വലഞ്ഞ് എടപ്പുഴ-വാളത്തോട് പ്രദേശം
1540984
Wednesday, April 9, 2025 1:50 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ അതിർത്തി ഗ്രാമങ്ങളായ എടപ്പുഴ - വാളത്തോട് പ്രദേശങ്ങൾ യാത്രാ ക്ലേശത്തിൽ വലയുന്നു. 30ൽ അധികം ബസുകൾ സർവീസ് നടത്തിയിരുന്ന പ്രദേശത്ത് ഇപ്പോൾ പത്തിൽ താഴെ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഏഴിൽ അധികം കെ എസ്ആർടി സി ബസുകൾ സർവീസ് നടത്തിയിരുന്നിടത്ത് രണ്ടു ബസുകളായും കുറഞ്ഞു. അതാകട്ടെ രാവിലെയും രാത്രിയും മാത്രം.
രാവിലെ ഇവിടെ നിന്ന് പുറപ്പെടുന്ന ബസുകൾ രാത്രി തിരിച്ചു വരുന്ന സർവീസിൽ ട്രിപ്പ് ഒതുക്കുകയാണ്. കാർഷികവൃത്തിയിലും മറ്റ് സാധാരണ കൂലി തൊഴിലും ചെയ്തു ജീവിതം കഴിച്ചു കൂട്ടുന്ന ജനത്തിന് ജോലിക്ക് പോകാൻ കൃത്യസമയത്ത് ബസ് ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജോലിക്ക് ദിവസവും പുറത്ത് പോകുന്നവർ വലിയ തുക മുടക്കി വാഹനം വിളിച്ച് പോകേണ്ട അവസ്ഥയാണ്. ആദിവാസികൾ ഉൾപ്പെടെ ആയിരകണക്കിന് ജനങ്ങൾ താമസിക്കുന്ന മലയോര മേഖല മഴക്കാലം കൂടി ആരംഭിക്കുന്നതോടെ തികച്ചും ഒറ്റപ്പെടുകയും ചെയ്യും.
അപര്യാപതമായ
റോഡുകൾ
വികസനമില്ലാത്ത റോഡുകളാണ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഒരു വാഹനം മാത്രം കടന്നുപോകാൻ കഴിയുന്ന റോഡുകൾ വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
പൊതു മരാമത്തിന്റെ കീഴിലുള്ള റോഡുകൾക്ക് കുറഞ്ഞത് 50 വർഷത്തെ പഴക്കം ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാട്ടുകാരുടെ പ്രതിഷേധം കനക്കുമ്പോൾ കുഴികൾ അടച്ച് നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കുന്ന നടപടികളാണ് കാലാകാലങ്ങളായി തുടരുന്നത്. വലിയ കയറ്റവും ഇറക്കവും വളവുകളും നിറഞ്ഞ ഇടുങ്ങിയ റോഡിൽ ജീവൻപണയം വച്ചാണ് യാത്ര ചെയ്യുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
യാത്രാ ക്ലേശത്തിൽ
വലഞ്ഞ് വിദ്യാർഥികളും
വാളത്തോട് ഇരുപ്പും കുറ്റി മേഖലയിൽ യാത്രാ ക്ലേശത്തിൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് വിദ്യാർഥികളാണ്. നേരത്തെ സ്കൂൾ സമയത്ത് സർവീസ് നടത്തിയിരുന്ന ബസുകൾ പലതും ഇപ്പോൾ ഓടുന്നില്ല. ബസില്ലാത്തത് കാരണം വിദ്യാർഥികളെ സ്കൂളിലെത്തിക്കുന്നതിനായി രക്ഷിതാക്കൾ വലിയ സാന്പത്തിക ബാധ്യത ഉണ്ടാകുന്നുണ്ട്. മാവോയിസ്റ്റ് ഭീഷണി നിലനിന്നിരുന്ന അയ്യൻകന്ന് പഞ്ചായത്തിലെ പ്രദേശങ്ങളിൽ ഒന്നാണിത്. വന്യമൃഗ ശല്യംവും രൂക്ഷമാണ്. കൃഷി നാശം, ഗതാഗത സൗകര്യം എന്നിവ ഇല്ലാതെ വീടും സ്ഥലവും ഉപക്ഷിച്ച് മറ്റ് പല സ്ഥലങ്ങളിലേക്കും വാടകക്ക് താമസം മാറുന്ന സഹചര്യമാണെന്ന് പ്രദേശ വാസികൾ പറയുന്നു.
പരാതി നൽകാൻ ഇനിയൊരിടം ബാക്കിയില്ല
"കരിക്കോട്ടക്കരി മുതൽ വാളത്തോട് വരെ 700 ൽ അധികം കുടുംബങ്ങളാണ് യാത്രാസൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുന്നത്. റോഡിനും ബസിനുമായി ഇനി ഒരധികാര കേന്ദ്രത്തിലും പരാതി നൽകാൻ ബാക്കിയില്ല.
മലയോര മേഖലയിൽ നിന്നും ജനങ്ങൾ കുടിയിറങ്ങുമ്പോൾ എടപ്പുഴ വാളത്തോട് മേഖലയിൽ മാത്രമാണ് ജനം കുടിയിറങ്ങാതെ കഴിയുന്നത്. ജനവികാരത്തെ അധികാരികൾ മാനിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ നേരിടേണ്ടിവരും’.