ചമതച്ചാലിൽ റബർ തോട്ടത്തിൽ പുലിയെ കണ്ടെന്ന് ടാപ്പിംഗ് തൊഴിലാളി
1540643
Tuesday, April 8, 2025 12:55 AM IST
ചമതച്ചാൽ: ചമതച്ചാലിലെ റബർ തോട്ടത്തിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി. സെന്റ് സ്റ്റീഫൻസ് പള്ളിക്കു സമീപത്തെ റബർ തോട്ടത്തിൽ പുലിയെ കണ്ടെന്നാണ് ടാപ്പിംഗ് തൊഴിലാളി അറാക്കൽ ഫ്രാൻസിസ് പറഞ്ഞത്. ചമതച്ചാൽ റഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന മഴുപ്പേൽ മത്തായിയുടെ തോട്ടത്തിൽ ഇന്നലെ പുലർച്ചെ അഞ്ചോടെ ടാപ്പിംഗിനിടെയാണ് പുലിയെ പോലെയുള്ള ജീവിയെ കണ്ടത്.
തോട്ടത്തിന്റെ മുകൾ ഭാഗത്തെ മരങ്ങൾ ടാപ്പിംഗ് നടത്തി താഴെത്തട്ടിൽ എത്തി ഹെഡ് ലൈറ്റ് ചുറ്റും തെളിച്ചപ്പോഴാണ് പുഴയോട് ചേർന്ന ഭാഗത്തെ ജനവാസ മേഖലയിൽ വന്യജീവിയെ കണ്ടത്. വന്യജീവിയുടെ കണ്ണിൽ ഹെഡ് ലൈറ്റ് കുറേ സമയം ഫോക്കസ് ചെയ്ത് അടിച്ച ശേഷം ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയും തോട്ടമുടമയോടും മറ്റു തൊഴിലാളികളോടും പറയുകയായിരുന്നു. പുഴയോരത്ത് മണലിൽ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും വ്യക്തമല്ല.
വിവരമറിഞ്ഞ് വാർഡ് മെംബർ സിജി ഓഴാങ്കൽ, മുണ്ടാന്നൂരിലെ ഫോട്ടോഗ്രാഫർ റോയി സ്ഥലത്തെത്തി കാൽപ്പാടിന്റെ ഫോട്ടോയെടുക്കുകയും ചെയ്ത ശേഷം വനം വകുപ്പിനെ വിവരമറിയിച്ചു. രാവിലെ വനം വകുപ്പ് സ്ഥലത്ത് എത്തി പരിശോധിച്ചെങ്കിലും കാൽപ്പാട് പുലിയുടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പരിസരത്തെ വീടുകളിൽ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ വന്യജീവിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയും പള്ളിയുടെ പിൻവശത്തെ റബർതോട്ടത്തിൽ പുലിയെന്നു തോന്നിപ്പിക്കുന്ന വന്യജീവിയുടെ നിഴൽ കണ്ടതായും അഭ്യൂഹമുണ്ട്. മുണ്ടാന്നൂർ, തിരൂർ, ചമതച്ചാൽ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയായി പുലിയെന്ന് സംശയിക്കുന്ന വന്യജീവിയ കണ്ടതായി നാട്ടുകാർ പറയുന്നു. മുണ്ടാന്നൂർ എസ്റ്റേറ്റ് സമീപത്തായി ടാപ്പിംഗ് തൊഴിലാളിയും ഇരുചക്രവാഹന യാത്രക്കാരനും പുലിയെ കണ്ടിരുന്നുവെന്നും പറയപ്പെടുന്നു.
പുലിയെ കണ്ടതായി പറയപ്പെടുന്ന സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പ്രദേശത്ത് പുലി ഭീതി ഉയർന്ന സാഹചര്യത്തിൽ വനംവകുപ്പ് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന് വാർഡ് മെംബർ ആവശ്യപ്പെട്ടു. വന്യജീവി പുലിയാണെന്ന് സ്ഥിരീകരിച്ചാൽ കൂട് സ്ഥാപിക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.