കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതരം
1540656
Tuesday, April 8, 2025 12:55 AM IST
കേളകം: അടയ്ക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്. കരിയംകാപ്പിലെ കുന്നത്ത് സുമോദിനാണ് (48)ഗുരുതര പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനും നട്ടെല്ലിനുമാണ് പരിക്ക്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിനെ കാട്ടുപന്നി ആക്രമിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് സുമോദ് പറയുന്നു. ഇതേ സ്ഥലത്തിന് സമീപത്താണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവച്ചുകൊന്നത്.