കാറ്റെടുത്തത് ജീവിതമാർഗം: നശിച്ചത് 12,500 വാഴകൾ
1540642
Tuesday, April 8, 2025 12:55 AM IST
നടുവിൽ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽമഴയോടൊപ്പമുണ്ടായ കാറ്റെടുത്തത് നിരവധി പേരുടെ ജീവിതമാർഗം. വിഷു വിപണി മുന്നിൽ കണ്ടുള്ള കർഷകരുടെ വാഴക്കൃഷിയാണ് കാറ്റിൽ നാമാവശേഷമായത്. നടുവിൽ പഞ്ചായത്തിൽ മാത്രം 12,500 ലേറെ വാഴകളാണ് നിലംപൊത്തിയത്. വ്യാഴാഴ്ചയും ശനിയാഴ്ചയുമായി വീശിയടിച്ച കാറ്റാണ് കർഷകരെ കണ്ണീർക്കയത്തിലാക്കിയത്.
പാത്തൻപാറയിലെ രാജൻ കല്ലറയ്ക്കലിനു മാത്രം 3500 വാഴകൾ നഷ്ടപ്പെട്ടു. കരാമരംതട്ട്, നൂലിട്ടാമല, പൊതിവച്ചതട്ട്, നരയൻകല്ല്, മൈലംപെട്ടി, തുരുമ്പി, കുട്ടിപ്പുല്ല് എന്നിവിടങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. ദേവസ്യ കുമ്പിടിയാമാക്കലിന്റെ രണ്ടായിരം വാഴകഴും ജോസഫ് കുന്പിയാമാക്കലിന്റെ 1500 വാഴകളും ഷൈജു മുതുപ്ലാക്കൽ, ജോയി മഠത്തിൽ എന്നിവരുടെ ആയിരം വാഴകളും കുഞ്ഞുമോൻ എരമംഗലത്തിന്റെ വിളവെടുക്കാറായ ആയിരത്തിലധികം വാഴകളും ഒടിഞ്ഞു നശിച്ചു.
റോയി മൂലേക്കാട്ടിൽ, രാഹുൽ,ജോർജ്, കെ.എസ്. ബെന്നി, നിമ്മി ഷാജി, ദേവസ്യ, വിജയൻ, വിൻസന്റ്, വിനീത്, മോളി രാജൻ എന്നിവരുടെ തോട്ടങ്ങളിലും നൂറുകണക്കിന് വാഴകൾ നശിച്ചു. ജോസഫ് പട്ടാംകുളം, സാബു ആനപ്പാറ എന്നിവരുടെ കായ്ച്ചു നിൽക്കുന്ന നിരവധി ജാതി മരങ്ങളും നിലംപൊത്തി.
ഈ മേഖലയിൽ കഴിഞ്ഞ മാസം 25നും കാറ്റ് വൻ നാശം വിതച്ചിരുന്നു. കാർഷിക രോഗങ്ങൾ മൂലം തെങ്ങും കവുങ്ങും കുരുമുളകും നശിച്ച മണ്ണിലാണ് കർഷകർ വാഴ കൃഷി ചെയ്ത് പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാറ്റ് പ്രതീക്ഷകൾ തച്ചുടച്ചത്. വന്യജീവി ശല്യവും വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുടിയിറക്കം നടക്കുന്ന പ്രദേശം കൂടിയാണ് പാത്തൻപാറ.
വിള ഇൻഷ്വർ എടുത്തവർക്ക് മാത്രമാണ് പേരിനെങ്കിലും ആശ്വാസമായി ധനസഹായം ലഭിക്കുന്നത്. ഒരു വാഴയ്ക്ക് 300 രൂപയാണ് ഇൻഷ്വർ തുകയായിലി കിട്ടുക.
ചെറിയ രീതിയിൽ വാഴക്കൃഷിയുള്ളവർ വിള ഇൻഷ്വർ ചെയ്യുന്നത് കുറവാണ്. പ്രൃകൃതി ക്ഷോഭത്തിന് സർക്കാർ നഷ്ടപരിഹാരമായി നൽകുന്നത് നൂറുരൂപ മാത്രമാണ്. കഴിഞ്ഞ വർഷത്തെ തുകപോലും ഇനിയും കിട്ടിയിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. ആലക്കോട് പഞ്ചായത്തിലും ശനിയാഴ്ച കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കി. നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങൾ കൃഷി ഉദ്യോഗസ്ഥർ സന്ദർശിച്ച് നഷ്ടം വിലയിരുത്തി.