ചേലോറ ലെഗസി വേസ്റ്റ് നീക്കം ചെയ്യൽ: കരാർ കമ്പനിക്കെതിരേ നടപടിയെടുക്കും
1540652
Tuesday, April 8, 2025 12:55 AM IST
കണ്ണൂർ: കോർപറേഷന്റെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യുന്നതിന് കരാർ എടുത്ത റോയൽ വെസ്റ്റേൺ പ്രോജക്ട് കമ്പനിയെ നീക്കം ചെയ്യാൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു.
ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വച്ച ഈ പ്രവൃത്തിയുടെ കാലാവധി 31/12/23 കഴിഞ്ഞിരുന്നു . പ്രവൃത്തി തുടരുന്നതിന് നിരന്തരം കമ്പനിയോട് ആവശ്യപ്പെട്ടിട്ടും പ്രവൃത്തി തുടങ്ങിയിട്ടില്ല.
തുടർന്ന് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കൗൺസിൽ തീരുമാനം എടുക്കുകയും വിവരം കമ്പനിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനി അപേക്ഷ സമർപ്പിക്കുകയും കൗൺസിൽ ചർച്ചചെയ്യുകയും ചെയ്തു.
എഗ്രിമെന്റ് പുതുക്കി നൽകുന്നതിന് പെർഫോമൻസ് ഗാരണ്ടി ഇനത്തിൽ 3,73,72,327 രൂപ അടക്കുന്നതിനും 2025 മേയ് 31 നകം പ്രവൃത്തി പൂർത്തികരിച്ച് സീറോ വേസ്റ്റ് ആക്കി സ്ഥലം തിരികെ ഏൽപ്പിക്കുകയും ചെയ്യണമെന്ന വ്യവസ്ഥയിൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ പെർഫോമൻസ് ഗാരണ്ടി അടക്കാൻ തയാറല്ലെന്ന് കന്പനി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയെ കരാറിൽ നിന്നും നീക്കം ചെയ്യുന്നത്.
കൂടാതെ കമ്പനിക്ക് അധികമായി നൽകി എന്ന് ഓഡിറ്റിൽ കണ്ടെത്തിയ തുക തിരിച്ചു പിടിക്കുന്നതിന് നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും മേയർ മുസ്ലിഹ് മഠത്തിൽ കൗൺസിൽ യോഗത്തെ അറിയിച്ചു. ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ വേസ്റ്റ് ടു എനർജി പദ്ധതിക്കായി കെഎസ്ഐഡിസിക്ക് കൈമാറിയ സ്ഥലം തിരികെ ലഭ്യമാക്കുന്നതിനും പ്രസ്തുത സ്ഥലത്ത് കോർപറേഷൻ ഉടമസ്ഥതയിൽ വെറ്റ് വേസ്റ്റ് ടു സിഎൻജി എനർജി പ്ലാന്റ് സ്ഥാപിക്കാനും തീരുമാനിച്ചു.
ജീവനക്കാരുടെ ഒഴിവ് നികത്താത്തതും നിലവിലുള്ളവരെ സ്ഥലം മാറ്റിയതും കാരണം പദ്ധതി പ്രവർത്തനങ്ങളിൽ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടില്ലെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരുടെ അലംഭാവം പദ്ധതി പ്രവൃത്തികൾ പൂർത്തികരിക്കുന്നതിന് തടസമായിട്ടുണ്ട്.
പാശ്ചാത്തല മേഖല ഒഴികെ മറ്റ് മേഖലകളിലെ നിർവഹണ ഉദ്യോഗസ്ഥർ യഥാവിധി പ്രവർത്തിച്ചിട്ടുണ്ട്.
നികുതി-നികുതിയേതര വരുമാനം പിരിച്ചെടുക്കുന്നതിൽ കോർപറേഷൻ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചിട്ടുണ്ടെന്നും ഇതിന് പ്രവർത്തിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും മേയർ പറഞ്ഞു.