അറബി-കോളിത്തട്ട് റോഡരികിലെ കുഴികൾ 20നകം നികത്തുമെന്ന് അധികൃതർ
1540988
Wednesday, April 9, 2025 1:50 AM IST
ഉളിക്കൽ: അറബി-കോളിത്തട്ട് റോഡരിക് ജൽജീവൻ മിഷന്റെ പൈപ്പിടാനായി നടത്തിയ പ്രവൃത്തിയ തുടർന്ന് റോഡരികുകൾ തകർന്നും കുഴിയായും കിടക്കുന്ന അവസ്ഥ 20നകം പരിഹരിക്കുമെന്ന് അധികൃതരുടെ ഉറപ്പ്. പൈപ്പിടാനായി റോഡരിക് കീറിയതിനു പിന്നാലെയുണ്ടായ ശക്തമായ മഴയിൽ റോഡരിക് ഒലിച്ചു പോയി കുഴികൾ രൂപപ്പെട്ടിരുന്നു.
റോഡരിക് എത്രയും പെട്ടെന്ന് അറ്റകുറ്റപണി നടത്തി പൂർവസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രക്ഷോഭത്തിനായി തയാറെടുക്കുകയായിരുന്നു. പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ഇന്നലെ അറബി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. എഡ്വിൻ കോയിപ്പുറത്തിന്റെ അധ്യക്ഷതയിൽ ബഹുജന കൺവൻഷൻ ചേർന്നതിനു പിന്നാലെയാണ് റോഡരിക് എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിലാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചത്. ഇതേ തുടർന്ന പ്രക്ഷോഭ പരിപാടികൾ താത്കാലികമായി നിർത്തി വച്ചു. അധികൃതർ ഉറപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്തംഗങ്ങളായ ടോമി മുക്കനോലി, നിഷ, ഇന്ദിരാ പുരുഷോത്തമൻ, എന്നിവർ പങ്കെടുത്തു.