മലയോരത്ത് കാറ്റിലും മഴയിലും വ്യാപക നാശം
1540978
Wednesday, April 9, 2025 1:50 AM IST
ചെറുപുഴ: മഴയിലും കനത്ത കാറ്റിലും മലയോരത്ത് വ്യാപക നാശനഷ്ടം. തിരുമേനി കോറാളിയിലെ കുഴിഞ്ഞാലിൽ ജോർജിന്റെ വീടിന്റെ മേൽക്കൂര കമുക് വീണു തകർന്നു. വീടിന്റെ ഓടിട്ട ഭാഗവും ബാത്ത്റൂമും തകർന്നു. അഞ്ച് റബറും മൂന്ന് കമുകും ഒടിഞ്ഞുവീണു. അമ്പലവയലിൽ തങ്കപ്പന്റെ പ്ലാവ്, വളവനാട്ട് പൊന്നമ്മയുടെ റബർ, കമുക്, കൊച്ചിലാത്ത് ബേബിയുടെ തേക്ക് എന്നിവ കാറ്റിൽ ഒടിഞ്ഞുവീണു.
തിരുമേനി-കോറാളി റോഡിൽ വൈദ്യുത ലൈനിലേക്കു കമുക് പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായി. പെടേനയിലെ കൊമ്മച്ചി കുഞ്ഞാമിനയുടെ വീടിന്റെ മുകളിൽ മാവ് വീണു ഭാഗികമായി നാശമുണ്ടായി. പെരിങ്ങോം അഗ്നിരക്ഷാസേന, കെഎസ്ഇബി ജീവനക്കാർ, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. പാടിയോട്ടുചാൽ പൊന്നംവയൽ ഭാഗത്തും കാറ്റ് നാശം വിതച്ചു.
പെരുമ്പടവ്: ചപ്പാരപ്പടവ്, എരമം-കുറ്റൂർ, ആലക്കോട്, നടുവിൽ, ഉദയഗിരി പഞ്ചായത്തുകളിലാണ് ശക്തമായ കാറ്റ് നാശം വിതച്ചത്. നിരവധി റബർ മരങ്ങളും തെങ്ങ്, കവുങ്ങ്, ജാതി, വാഴ തുടങ്ങിയ കാർഷിക വിളകളും നശിച്ചു. പലയിടങ്ങളിലും മരങ്ങൾ പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യതു തൂണുകൾ തകർന്നതിനെ തുടർന്ന് വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടു. രാത്രി വൈകിയും വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.
വേനൽ മഴയിൽ ഉണ്ടായ ശക്തമായ കാറ്റിൽ കാർഷിക വിളകൾ നശിച്ചവർക്ക് എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടികൾ വേണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
തേർത്തല്ലി: വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ തേർത്തല്ലി മേഖലയിൽ കനത്ത നാശം. നിരവധി കർഷകരുടെ റബർ, തെങ്ങ്, കമുക്, തേക്ക്, മഹാഗണി, മറ്റു മരങ്ങൾ എന്നിവ കടപുഴകി വീണു. നിരവധി വൈദ്യുത തൂണുകൾ ഒടിഞ്ഞു വീണു. പലസ്ഥലത്തും മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
മേരിഗിരി ചെറുപുഷ്പം ഫൊറോന പള്ളി പരിസരത്ത് ആഞ്ഞടിച്ച കാറ്റിൽ നിരവധി റബർ മരങ്ങൾ തെങ്ങ്, മാവ്, മഹാഗണി എന്നിവ കടപുഴകി വീണു. മൗവ്വത്താനിയിലെ തൈവെപ്പിൽ ഗോപാലകൃഷ്ണൻ, താന്നിക്കൽ ജിന്റോ, ജിമ്മി, ബേബി, മറ്റത്തിൽ ഔസേപ്പച്ചൻ, ജോസ്, പാമ്പക്കൽ സണ്ണി നമ്പ്യാപറമ്പിൽ, ജോർജ്, ജോസ്, ബേബി, കൂട്ടുങ്കൽ ജിമ്മി, പോൾ, ഫ്രാൻസിസ്, മേരിഗിരിയിലെ മാടപ്പള്ളി ജോയി, പുതുപ്പറമ്പിൽ ഷൈൻ തുടങ്ങി നിരവധി ആളുകൾക്കാണു നാശനഷ്ടം നേരിട്ടത്. ഷൈൻ പുതുപ്പറമ്പിലിന്റെ വീടിനു മുകളിൽ റബർ, കമുക്, പുളി എന്നിവ കടപുഴകി വീണ് മേൽക്കൂരയും തകർന്നു വീണു.
പയ്യാവൂർ: ഉപ്പുപടന്ന മേഖലയിൽ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ മരം വീണ് വീട് തകർന്നു. ചിറവാലേൽ സജിയുടെ വീടിനാണ് നാശം സംഭവിച്ചത്. മകളുടെ കല്യാണത്തിനായി അടുത്തിടെ നവീകരണം നടത്തിയ വീടാണ് തകർന്നത്. ഓടുകളും ആസ്ബസ്റ്റോസ് ഷീറ്റുകളും ഉൾപ്പെടുന്ന മേൽക്കൂര തകർന്നു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ തകർന്ന വീടും നാശനഷ്ടങ്ങളുണ്ടായ മറ്റു പ്രദേശങ്ങളും സന്ദർശിച്ചു.
നിരവധി മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണതിനെ തുടർന്ന് ഉപ്പുപടന്ന-ചമതച്ചാൽ റോഡിലെ ഗതാഗതവും തടസപ്പെട്ടു. വൈദ്യുത തൂണുകൾ തകർന്നതു കാരണം പ്രദേശത്തെ വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ട നിലയിലാണ്. പ്രകൃതിക്ഷോഭത്തിനിരയായ വീടും കൃഷിയിടങ്ങളും ജില്ലാ കളക്ടർ സന്ദർശിച്ച് ദുരന്തബാധിതർക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്-എം ജില്ലാ ജനറൽ സെക്രട്ടറി പി.എസ്.ജോസഫ് ആവശ്യപ്പെട്ടു.
കാർത്തികപുരം: ഇന്നലെ വൈകുന്നേരം നാലോടെ ഉദയഗിരി പഞ്ചായത്തിൽ വേനൽ മഴയക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശ നഷ്ടം. മുക്കടയിൽ മരം വീണും മറ്റും നിരവധി വീടുകൾ തകർന്നു. റബർ, തെങ്ങ്, കവുങ്ങ് ഉൾപ്പടെയുള്ളവയും വ്യാപകമായി നശിച്ചു. മരങ്ങൾ വീണ് മുക്കടയിലെ മണ്ണൂർ സുമതിയുടെ കോൺക്രീറ്റ് വീട് പൂർണമായും തകർന്നു. നാലു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. അപകട സമയത്ത് സുമതി വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കാൽക്കാതെ രക്ഷപ്പെട്ടു.
പുത്തൻപുരയിൽ ബിജിത്തിന്റെ വീട് തെങ്ങു വീണ് തകർന്നു. മേൽക്കൂര പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന ബിജിത്തിന്റെ ഭാര്യ സുമയും മക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുകളേൽ സജിമോൻ, മീത്തലെ പുരയിൽ രാജി സുഭാഷ് എന്നിവരുടെ വീടുകൾക്ക് മുകളിൽ പ്ലാവും റബർ മരങ്ങളും വീണ് മേൽക്കൂരകൾ പൂർണമായും തകർന്നു. സുധീഷ് കുമാർ, നെല്ലിക്കുന്നേൽ, എമിലി തോമസ്, കുന്നുപുറത്ത് മാത്യു എന്നിവരുടെ വീടുകളും മരങ്ങൾ വീണ് തകർന്നു. ബെന്നി പീടകക്കലിന്റെ കാലിത്തൊഴുത്തിന്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. പുത്തൻവീട്ടിൽ മധുസൂദനൻ, പറോത്തുമലയിൽ നിരവേലിൽ ഹരിദാസൻ എന്നിവരുടെ വീടുകളും തകർന്നു. ഹരിദാസന്റെ വീട്ടിലുണ്ടായിരുന്ന രോഗികളായ മാതാപിതാക്കൾ ചന്ദ്രശേഖരൻ, ലക്ഷ്മിക്കുട്ടി എന്നിവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മണക്കടവ് , മുക്കട, കോഴിത്താവളം, ചുള്ളിപ്പള്ള,കാർത്തികപുരം, പൂവഞ്ചാൽ, മുതുശേരി പ്രദേശങ്ങളിലും വ്യാപക നാശമുണ്ടായി. തെങ്ങും മരങ്ങളും റോഡിലേക്ക് ഒടിഞ്ഞ് വീണ് പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. ഉദയഗിരി പഞ്ചായത്തിലെ പല മേഖലയിലും വൈദ്യുത തൂണുകൾ തകർന്ന് വൈദ്യുത ബന്ധമില്ലാതായി. തൂണുകൾ തകർന്നതിലൂടെ മാത്രം ലക്ഷങ്ങളുടെ നഷ്ടമാണ് കെഎസ്ഇബിക്കുണ്ടായത്.
നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് ബിന്ദു ഷാജു, ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം, വില്ലേജ് ഓഫീസർ എസ്. നകുലരാജൻ എന്നിവർ സന്ദർശിച്ചു. നാശനഷ്ടമുണ്ടായവർക്ക് എത്രയും പെട്ടെന്ന നഷ്ട പരിഹാരം ലഭ്യമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ സർക്കാരിനോട് ആവശ്യപ്പെട്ടു.