കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
1540658
Tuesday, April 8, 2025 12:55 AM IST
കണ്ണൂർ: മകൾ വീണ വിജയനെ മാസപ്പടി കേസിൽ പ്രതിചേർത്ത സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. കെപിസിസി മെംബർ ടി.ഒ. മോഹനന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. പ്രവർത്തകർ ചെരിപ്പും കൊടിക്കമ്പുകളും പോലീസിനും ജലപീരങ്കിക്കും നേരെ വലിച്ചെറിഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡഡന്റ് വിജിൽ മോഹനൻ, നേതാക്കളായ ഫർസീൻ മജീദ്, ജോഷി കണ്ടത്തിൽ, ജയ്സൺ തുടങ്ങി ഏഴുപേരെ അറസ്റ്റ് ചെയ്തു മാറ്റിയ വാഹനത്തിന് മുന്നിൽ നിന്നും പ്രവർത്തകർ പ്രതിഷേധിച്ചത് സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടി. പോലീസ് ബലം പ്രയോഗിച്ചായിരുന്നു പ്രവർത്തകരെ വാഹനത്തിലേക്ക് തള്ളിക്കയറ്റിയത്.
ജില്ലാ പ്രസിഡഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. രാഹുൽ വെച്ചിയോട്ട്, വി.കെ. ഷിബിന, മുഹ്സിൻ ഖാദിയോട് , സുധീഷ് വെള്ളച്ചാൽ, ഫർഹാൻ മുണ്ടേരി, എം.കെ. വരുണ, ജിതിൻ കൊളപ്പ, അമൽ കുറ്റ്യാട്ടൂർ തുടങ്ങിയവരും നേതൃത്വം നല്കി. യൂത്ത് കോൺഗ്രസ് മാർച്ചിനോടനുബന്ധിച്ച് വളപട്ടണം എസ്എച്ച്ഒ ബി. കാർത്തികിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് പരിസരത്ത് വൻ സുരക്ഷ സന്നാഹമാണ് പോലീസ് ഒരുക്കിയത്.