കാട്ടുതേനീച്ചക്കൂട്ടം അങ്കണവാടി അധ്യാപികയെ ആക്രമിച്ചു; കുളത്തിൽ ചാടി, അദ്ഭുത രക്ഷപ്പെടൽ
1540993
Wednesday, April 9, 2025 1:50 AM IST
കൂത്തുപറമ്പ്: വനപാതയിലൂടെ ജോലിക്കായി അങ്കണവാടിയിലേക്ക് പോകുകയായിരുന്ന അധ്യാപികയെ കാട്ടുതേനിച്ചകൂട്ടം ആക്രമിച്ചു. അധ്യാപിക കുളത്തിൽ ചാടി രക്ഷപ്പെട്ടു. പന്നിയോട് അങ്കണവാടി അധ്യാപികയായ ചെന്നപ്പൊയിൽ സ്വദേശിനി എൻ. ശ്രീദേവിയെയാണ് കാട്ടുതേനീച്ചക്കൂട്ടം ആക്രമിച്ചത്.
തേനീച്ചകളിൽനിന്ന് രക്ഷപ്പെടാൻ ഏറെ നേരം കുളത്തിൽ മുങ്ങിയും പൊങ്ങിയും നിന്ന ഇവർ തേനീച്ചക്കൂട്ടം പിൻവാങ്ങിയ ശേഷമാണ് കുളത്തിൽനിന്നും കയറിയത്. തുടർന്ന് സഹോദരനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. സഹോദരൻ അറിയിച്ചതിനെ തുടർന്ന് അങ്കണവാടിക്ക് സമീപത്തെ പ്രദേശവാസികൾ എത്തിയപ്പോൾ അബോധാവസ്ഥയിലാണ് ശ്രീദേവിയെ കണ്ടെത്തിയത്. വാഹന സൗകര്യമില്ലാത്തതിനാൽ രണ്ടു യുവാക്കൾ ബൈക്കിൽ കയറ്റി കണ്ണവം ചങ്ങല ഗേറ്റിലെത്തിക്കുകയും ഇവിടെനിന്ന് കൂത്തുപറന്പ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. സാരമായി പരിക്കേറ്റ ശ്രീദേവി ആശുപത്രിയിൽ ചികിത്സയിലാണ്. കഴുത്തിലും പുറത്തുമാണ് പരിക്ക്.
കാട്ടാന ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ ഇറങ്ങുന്ന കാട്ടുവഴിയിലൂടെയാണ് ശ്രീദേവി എല്ലാ ദിവസവും അതിസാഹസികമായി അങ്കണവാടിയിലേക്കും തിരിച്ച് വീട്ടിലേക്കും കാൽനടയായി സഞ്ചരിക്കുന്നത്.