മണത്തണ-ഓടന്തോട് റോഡ് നവീകരണം: എംഎൽഎയുടെ നേതൃത്വത്തിൽ പരിശോധന നടത്തി
1540650
Tuesday, April 8, 2025 12:55 AM IST
മണത്തണ: മണത്തണ-ഓടന്തോട് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയാറാക്കുന്നതിനായി സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ റോഡ്സ് വിഭാഗം ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരുടെ സംഘം സ്ഥലം സന്ദർശിച്ച് പദ്ധതി തയാറാക്കി.
നവീകരണ പ്രവൃത്തികൾക്കായി ബജറ്റിൽ 4.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വീതി കുറഞ്ഞ ഭാഗങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ ആളുകളെ വിളിച്ചു കൂട്ടി സ്ഥലമെടുപ്പ് നടത്തും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായി. വരുംദിവസം ഗുണഭോക്താക്കളുടെയും സ്ഥലം ലഭ്യമാക്കേണ്ടവരുടെയും ജനപ്രതിനിധികളുടെയും യോഗം മണത്തണയിൽ ചേരും.
സണ്ണി ജോസഫ് എംഎൽഎക്ക് പുറമേ കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം ബൈജു വർഗീസ്, പേരാവൂർ പഞ്ചായത്തംഗം ബേബി സോജ, സി.ജെ. മാത്യു, ജോസ് എടനാട്ടുതാഴെ, വി.വി. തോമസ്, ജോയി ചെറുപറമ്പിൽ, ജോയി തൃക്കകുന്നേൽ, റോഡ് ഡിവിഷൻ എഇ ടി.വി. രേഷ്മ, ടി.ബിജു, കെ. കെവിൻരാജ്, എം. പ്രിൻസി എന്നിവരും സംഘത്തിലുണ്ടായിരുന്നു.