ചെമ്പേരി ഒറോത ഫെസ്റ്റ്: കർഷക പ്രതിഭാ സംഗമം നടത്തി
1511169
Wednesday, February 5, 2025 1:03 AM IST
ചെമ്പേരി: കൃഷിക്ക് ഉപയോഗിക്കുന്ന വിത്തുകൾ പണത്തിനു വേണ്ടി വില്ക്കാനുള്ളവയല്ലെന്നും അവ തലമുറകൾക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടവയാണെന്നും പദ്മശ്രീ പുരസ്കാര ജേതാവും വയനാട്ടിലെ പരമ്പരാഗത കർഷകനുമായ ചെറുവയൽ രാമൻ. ചെമ്പേരിയിൽ നടക്കുന്ന ഒറോത ഫെസ്റ്റ് കാർഷിക മേളയിൽ കർഷക പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇൻഫാം ദേശീയ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയിൽ അധ്യക്ഷത വഹിച്ചു. ഓറോത ഫെസ്റ്റ് പ്രദർശന നഗരിയിലെ വേദിയിൽ നടന്ന സമ്മേളനത്തിൽ മലയോരമേഖലയിലെ മികച്ച കർഷകരെ പദ്മശ്രീ ചെറുവയൽ രാമൻ ഉപഹാരം നൽകി ആദരിച്ചു.
ഏരുവേശി, പയ്യാവൂർ, നടുവിൽ പഞ്ചായത്തുകളും ശ്രീകണ്ഠപുരം നഗരസഭയും ഉൾപ്പെട്ട പ്രദേശ ങ്ങളിൽനിന്നുള്ള കർഷകരുടെ സംഗമത്തിൽ തെരെഞ്ഞെടുക്കപ്പെട്ട കർഷക പ്രതിഭകളെയാണ് ആദരിച്ചത്. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി മുഖ്യ പ്രഭാഷണം നടത്തി. സാബു മണിമല, ടോമി ചാമക്കാല, ജോമി ജോസ് ചാലിൽ, ഷാജി വർഗീസ്, റൈജു മുക്കുഴി, ജിനേഷ് കാളിയാനി എന്നിവർ പ്രസംഗിച്ചു.
ഇന്നലെ നടന്ന ഡോഗ് ഷോയും മേളയിലെ മറ്റൊരാകർഷണമായിരുന്ന വിവിധ ബ്രീഡുകളിൽ പെട്ട നിരവധി വളർത്തു നായ്ക്കളെ മേളയിൽ പ്രദർശിപ്പിച്ചു. ഇന്ന് സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂറിസം സെമിനാർ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്യും. മലയോര കർഷകർക്ക് ടൂറിസം മേഖലയിലെ പ്രാധാന്യം എന്ന വിഷയത്തിൽ റെസ്പോൺസബിൾ ടൂറിസം മിഷൻ സിഇഒ കെ. രൂപേഷ് കുമാർ ക്ലാസ് നയിക്കും. വൈകുന്നേരം ആറിന് എഴ് വയസു വരെ പ്രായമുള്ള കുട്ടികളുടെ ഫാഷൻ ഷോ നടക്കും. രാത്രി 8.30 ന് മ്യൂസിക്കൽ നൈറ്റ്.