തേനീച്ചയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്
1510680
Monday, February 3, 2025 12:53 AM IST
കേളകം: തേനീച്ചയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കേളകം ഇരട്ടത്തോടിന് സമീപത്തെ നെടുങ്കല്ലേൽ ജോണി, കണ്ണൂർ സ്വദേശി ഇന്ദ്രപാലൻ എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇരുവരേയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരനായ ഇന്ദ്രപാലനെ തേനീച്ച ഇളകി വന്ന് ആക്രമിച്ചപ്പോൾ രക്ഷപ്പെടുന്നതിനായി തൊട്ടടുത്തുള്ള ജോണിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആദ്യം പേരാവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വേനൽക്കാലം എത്തിയതോടെ പായ തേനീച്ചകൾ കൃഷിയിടങ്ങളിലും വലിയ കെട്ടിടങ്ങളിലും കൂടു കൂട്ടുന്നത് വർധിച്ചിട്ടുണ്ട്. പരുന്തും കാക്കയും തേനീച്ച കൂടുകളെ ആക്രമിക്കുമ്പോൾ ആണ് ഇവ ഇളകി കൂട്ടമായി മനുഷ്യരെ ആക്രമിക്കുന്നത്.
മുൻ കാലങ്ങളിൽ ഇത്തരം തേനീച്ച കൂടുകളും കടന്നൽ കൂടുകളും കത്തിച്ചു കളയുമായിരുന്നു. ഇപ്പോൾ വനം വകുപ്പ് തടസവാദം ഉന്നയിക്കുന്നതിനാൽ തേനീച്ച കൂടുകൾ കത്തിക്കാറില്ല. അതിനാൽ തന്നെ തേനീച്ചകളുടെ ആക്രമണങ്ങളും മരണ നിരക്കും ഉയരുകയാണ്. കഴിഞ്ഞ ആഴ്ചയിൽ കണിച്ചാറിൽ ഒരാൾ തേനീച്ചയുടെ ആക്രമണത്തിൽ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.