വാട്സ് ആപ്പ് വഴി ജോലി തട്ടിപ്പ്: യുവാവിന് ഒന്നേകാൽ ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു
1511161
Wednesday, February 5, 2025 1:03 AM IST
ഇരിട്ടി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ വീണ കീഴ്പ്പള്ളി സ്വദേശിയായ മുൻ പ്രവാസിയായ യുവാവിന് 1,37,700 രൂപ നഷ്ടപ്പെട്ടു. വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദേശത്ത് നല്ല ജോലി വാഗ്ദാനം ചെയ്ത് യുവാവിന്റെ വിശ്വാസം ആർജിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. മലപ്പുറത്തുള്ള അനീസ് എന്നയാളാണ് ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ടത്.
ജോലിസാധ്യതയെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആദ്യം പ്രോസസിംഗ് ഫീസായി 3700 രൂപ അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. തന്റെ ഭാര്യയായ സബീനയുടെ അക്കൗണ്ടാണെന്ന് പറഞ്ഞ് ഒരു ഗൂഗിൾ പേ നന്പർ നൽകി. പ്രോസസിംഗ് ഫീസ് അടച്ചശേഷം യുവാവിനെ ഫോണിലൂടെ ഇന്റർവ്യു നടത്തി ജോലി ഉറപ്പാണെന്ന് ധരിപ്പിച്ചു.
തുടർന്ന് നടപടിയെന്ന നിലയിൽ കോഴിക്കോട് എത്തി മെഡിക്കൽ പരിശോധനയ്ക്ക് ശേഷം രേഖകൾ തയാറാക്കണമെന്ന് നിർദേശിച്ചു.
മെഡിക്കൽ കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം തിരുവനന്തപുരത്തുള്ള യുഎഇ കോൺസുലേറ്റിൽ എത്തി വീസ സ്റ്റാമ്പ് ചെയ്തു തരാം എന്നായിരുന്നു വാഗ്ദാനം. വീസയ്ക്കായി ആദ്യം ആവശ്യപ്പെട്ടിരുന്നത് 80000 രൂപ ആയിരുന്നു. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റി തുകയായി 57700 രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടു.
ഇതു പ്രകാരം തുക രണ്ടു തവണകളായി ഗൂഗിൾ പേ വഴി അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് തിരുവനന്തപുരം യുഎഇ കോൺസുലേറ്റിൽ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായത് അറിയുന്നത്. ഉടൻ അനീസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നുവെന്ന് പറയുന്നു. യുവാവ് നൽകിയ പരാതിയിൽ ആറളം പോലീസ് അന്വേഷണം ആരംഭിച്ചു.