എഫ്എൻപിഒ കുടുംബ സംഗമം
1510673
Monday, February 3, 2025 12:53 AM IST
തളിപ്പറമ്പ്: ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന മഹത്തായ ആശയം ദുർബലമാക്കി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലേക്ക് കേന്ദ്ര ഭരണകൂടം ചുരുങ്ങിപ്പോകുന്ന ദയനീയ കാഴ്ചയാണ് ജനാധിപത്യ സംവിധാനത്തിൽ ഇന്ന് കാണാൻ കഴിയുന്നതെന്ന് കണ്ണൂർ മുൻ മേയർ ടി.ഒ.മോഹനൻ. ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ( എഫ്എൻപിഒ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാരുടെ കുടുംബ സംഗമം തളിപ്പറമ്പ് വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കോ-ഓർഡിനേഷൻ ചെയർമാൻ വി.പി.ചന്ദ്രപ്രകാശ് അധ്യക്ഷത വഹിച്ചു. സംവിധായകനും നാടകകൃത്തുമായ പപ്പൻ മുറിയാത്തോട് മുഖ്യാതിഥിയായി. എഫ്എൻപിഒ സംസ്ഥാന കൺവീനർ കെ.വി. സുധീർ കുമാർ, ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, പി.വി.രാമകൃഷ്ണൻ, ദിനു മൊട്ടമ്മൽ , സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.പ്രേമദാസൻ, വനിത കൺവീനർ കെ.സുമ എന്നിവർ പ്രസംഗിച്ചു. സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി.