പാർട്ടി സ്റ്റഡി ക്ലാസുകൾ കൂടുതൽ സജീവമാക്കണമെന്ന് നിർദേശം
1510613
Sunday, February 2, 2025 8:38 AM IST
സ്വന്തം ലേഖകൻ
തളിപ്പറന്പ്: പാർട്ടി അംഗങ്ങൾക്കും അനുഭാവി ഗ്രൂപ്പ് അംഗങ്ങൾക്കും ശക്തമായ രീതിയിൽ രാഷ്ട്രീയ വിദ്യാഭ്യാസവും പരിശീലനവും നൽകേണ്ടതുണ്ടെന്ന് സിപിഎം ജില്ലാ സമ്മേളന റിപ്പോർട്ട്. വിവിധ വിഷയങ്ങളിൽ പല പാർട്ടി അംഗങ്ങൾക്കും അനുഭാവി ഗ്രൂപ്പ് അംഗങ്ങൾക്കും വേണ്ടത്ര പരിജ്ഞാനമില്ലെന്ന് ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ സമ്മേളനത്തിൽ ഈയൊരു നിർദേശം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അവതരിപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചത്.
പാർട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ മൂന്ന് മാസത്തിലൊരിക്കൽ അനുഭാവി യോഗം നടത്തണമെന്നും നിർദേശമുണ്ട്. ബ്രാഞ്ച് സെക്രട്ടറിമാരിൽ 28 ശതമാനം പുതിയ കേഡർമാരാണ്. ലോക്കൽ കമ്മിറ്റി അംഗങ്ങളിലും നിരവധി കേഡർമാരുണ്ട്. ഇവർക്കെല്ലാം രാഷ്ട്രീയ വിദ്യാഭ്യാസവും പരിശീലനവും നൽകണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടിക്കെതിരേ രാഷ്ട്രീയ എതിരാളികളും വലതുപക്ഷ മാധ്യമങ്ങളും തുറന്നുവിടുന്ന അപവാദ പ്രചാരണങ്ങൾ തുറന്നുകാട്ടാൻ പാർട്ടി പ്രസിദ്ധീകരണങ്ങളുടെ പ്രചാരണം വർധിപ്പിക്കണമെന്നും നിർദേശമുണ്ട്.
മലയോര മേഖലയിലും തീരദേശ മേഖലയിലും പാർട്ടി കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. ഇതിനായുള്ള പദ്ധതികൾ തയാറാക്കണം. വിശ്വാസികളെ വർഗീയ വത്കരിക്കാൻ ശ്രമം നടത്തുന്ന സംഘപരിവാർ നീക്കത്തെയും എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നീ തീവ്രവാദ സംഘടനകളുടെ വർഗീയതയ്ക്കെതിരേയും ഉറച്ച നിലപാട് സ്വീകരിച്ച് മതനിരപേക്ഷത ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ഇതിനായി പാർട്ടി പ്രവർത്തകരെ കൂടുതൽ സജ്ജമാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.യുജിസി ചട്ടഭേദഗതിയിൽനിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.