ഒഡീഷ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാമത്തെ പ്രതിയും അറസ്റ്റിൽ
1510683
Monday, February 3, 2025 12:53 AM IST
കണ്ണൂർ: ഒഡീഷ സ്വദേശിയെ തലയ്ക്കു കല്ലിട്ടു കൊന്ന കേസിൽ ഒളിവിൽ പോയ പ്രതിയെ വളപട്ടണം പോലീസ് ഹൈ ദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തു. മത്സ്യത്തൊഴിലാളിയായ ഒഡീഷ സ്വദേശി രമേഷ്ദാസിനെ അഴീക്കൽ ബോട്ടു ജെട്ടിക്ക് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ ഒഡീഷയിലെ ബാന്ദ്ര സ്വദേശിയായ രമാകാന്ത് മാലിക്കിനെയാണ് ഇൻസ്പെക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഈ കേസിൽ കൂട്ടുപ്രതിയായ മഗുമാലിക്കിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മംഗളൂരുവിൽനിന്നു ജോലി അന്വേഷിച്ച് അഴീക്കലിലെത്തിയ രമേഷ് ദാസുമായി പരിചയപ്പെട്ട പ്രതികൾ ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. എസ്ഐമാരായ എ.പി.ഷാജി, നിവേദ്, സിപിഒമാരായ കിരൺ, ജോബി പി. ജോൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.