കാക്കയങ്ങാട് മോഷണക്കേസ് പ്രതികൾ അറസ്റ്റിൽ
1510681
Monday, February 3, 2025 12:53 AM IST
ഇരിട്ടി: കാക്കയങ്ങാട് ആയിച്ചോത്തെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ രണ്ടു പ്രതികളെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സ്വദേശി മനു (36), കണ്ണൂർ പുതിയതെരു സ്വദേശി സന്തോഷ് (43) എന്നിവരെയാണ് മുഴക്കുന്ന് സിഐ എ.വി. ദിനേഷ്, എസ്ഐ എൻ . വിപിൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടന്ന് ഒരാഴ്ചക്കുള്ളിൽ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
ആയിച്ചോത്തെ കെ.എം. വേണുഗോപാലും കുടുംബവും കോഴിക്കാടുള്ള മകന്റെ വീട്ടിൽ പോയി രാത്രി വൈകി തിരികെ എത്തുമ്പോഴാണ് മോഷണം നടന്നതറിയുന്നത്.
കിണറിന്റെ വാതിൽ തകർത്ത് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്ന് 10 പവൻ സ്വർണവും 160000 രൂപയുമാണ് മോഷ്ടിച്ചത്. പ്രതി മനുവിനെ പയ്യന്നൂരിൽനിന്നും സന്തോഷിനെ കണ്ണൂരിൽനിന്നുമാണ് പോലീസ് പിടികൂടുന്നത്. ഇവരുടെ പക്കൽനിന്നു തൊണ്ടിമുതലും കണ്ടെടുത്തു.
പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി. പ്രതി സന്തോഷിന് ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാനമായ നാലോളം കേസുകൾ നിലവിലുണ്ട്.
ആളില്ലാത്ത വീടുകൾ നിരീക്ഷണം നടത്തിയാണ് പ്രതികൾ മോഷണം നടത്തുന്നത്.അന്വേഷണ സംഘത്തിൽ എസ്സിപിഒമാരായ സന്തോഷ്, സിജു, ഷിബുലാൽ, അജേഷ്, സിപിഒമാരായ ദിൽരൂപ്, രാകേഷ് എന്നിവർ ഉണ്ടായിരുന്നു.