വണ്ണായിക്കടവ് പാലം അപകടാവസ്ഥയിലായിട്ടും അറ്റകുറ്റപ്പണി നടത്താതെ അധികൃതർ
1510667
Monday, February 3, 2025 12:53 AM IST
വണ്ണായിക്കടവ്: മഴക്കാലത്ത് പതിവായി വെള്ളം കയറി അപടാവസ്ഥയിലായ പയ്യാവൂർ പഞ്ചായത്തിലെ വണ്ണായിക്കടവ് പാലം വരാനിരിക്കുന്ന മഴക്കാലം കൂടി പിന്നിടുമോ എന്ന കാര്യത്തിൽ ആശങ്ക ഉയരുന്നു. എല്ലാ വർഷവും മഴക്കാലത്ത് വെള്ളത്തിനടയിലാകുന്ന പാലത്തിന്റെ കൈവരികൾ ഉൾപ്പെടെയുള്ള തകർന്ന നിലയിലാണ്.
അപകടാവസ്ഥയിലായി വർഷങ്ങൾ പിന്നിടുന്പോഴും അറ്റകുറ്റപ്പണി നടത്താൻപോലും അധികൃതർ തയാറായിട്ടില്ല. പാലം പൂർണമായും പുഴയെടുക്കുന്നതിന് മുന്പ് പുതിയ പാലം പണിയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
1982-ലാണ് വണ്ണായിക്കടവിൽ പാലം നിർമിച്ചത്. വണ്ണായിക്കടവ്, പൈസക്കരി, കുന്നത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ചെമ്പേരി, ആലക്കോട്, കുടിയാൻമല എന്നിവിടങ്ങളിലേക്ക് എത്താനുള്ള എളുപ്പവഴിയാണിത്. ഉയരം കുറഞ്ഞ പാലമായിനാലാണ് മഴക്കാലത്ത് പാലത്തിനു മുകളിലേക്ക് വെള്ളം കയറുന്നത്. പാലം മുങ്ങുന്നതോടെ ഇതുവഴിയുള്ള യാത്ര നിലക്കും.
നേരത്തെ ജില്ലാ പഞ്ചായത്ത് എട്ടുലക്ഷത്തോളം രൂപ ചെലവിൽ കൈവരികൾ സ്ഥാപിച്ചിരുന്നെങ്കിലും അവയും തകർന്നു. കൈവരകിൾ തകർന്ന ഭാഗങ്ങളിൽ നാട്ടുകാർ മുള കെട്ടി താത്കാലിക കൈവരി സ്ഥാപിച്ചിരിക്കുകയാണ്. ഇവിടെ ഉയരം കൂടിയ പുതിയ പാലം പണിയുകയോ അല്ലെങ്കിൽ നേരത്തെ എസ്റ്റിമേറ്റും ഡിസൈനുമടക്കം പൂർത്തിയായ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുകയോ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തിന് ശേഷം പാലത്തിന്റെ തൂണുകളുടെ കോൺക്രീറ്റും ഇളകിയ അവസ്ഥയിലാണ്. നിരവധി തവണ പ്രദേശവാസികൾ പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. അധികൃതർ കാട്ടുന്ന അവഗണനക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
ഉയരത്തിലുള്ള പാലം നിർമിക്കണം
‘നിലവിലെ പാലം അപകടാവസ്ഥയിലായ സാഹചര്യത്തിൽ ഉയരം കൂടിയ പുതിയ പാലം നിർമിക്കണം. മഴക്കാലത്ത് കുത്തിയൊലിച്ചു വരുന്ന മരത്തടികളും മറ്റും ഉയരം കുറഞ്ഞ പാലത്തിന്റെ മുകൾഭാഗത്തും കൈവരിയിലും ഇടിക്കുന്നതാണ് പാലം അപകടാവസ്ഥയിലാകാൻ കാരണം. മഴക്കാലത്ത് വെള്ളം പാലത്തിനു മുകളിലൂടെയാണ് ഒഴുകുന്നത്. ഉയരം കൂടിയ പാലം നിർമിച്ചാൽ മാത്രമേ മഴക്കാലത്ത് പാലം ജനങ്ങൾക്ക് ഉപകാരപ്രദമാകൂ’.
റോയ് (വ്യാപാരി)