കണ്ണൂരിൽ കുടുംബശ്രീകളെ ഉപയോഗിച്ച് തട്ടിയത് കോടികള്‍
1511156
Wednesday, February 5, 2025 1:03 AM IST
കണ്ണൂര്‍: പകുതിവിലയിൽ ഇരുചക്രവാഹനങ്ങളും മറ്റും നല്‍കുമെന്ന് വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിനിരയായവര്‍ പരാതിയുമായി കണ്ണൂരിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക്. ദിനംപ്രതി നൂറോളം പരാതികളാണ് പോലീസ് സ്റ്റേഷനുകളിൽ എത്തുന്നത്. ഇതുവരെ ആയിരത്തിലേറെ പരാതികൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ലഭിച്ചുകഴിഞ്ഞു. കൂട്ടമായി എത്തുന്ന പരാതിക്കാരുടെ ഒപ്പുകൾ ശേഖരിച്ച് കേസെടുക്കുകയാണ് പോലീസ് ഇപ്പോൾ ചെയ്യുന്നത്. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 510 പേരാണ് ഇന്നലെ പരാതിയുമായി എത്തിയത്. വളപട്ടണം-150, ശ്രീകണ്ഠപുരം-209, പയ്യാവൂർ-52, ഇരിക്കൂർ-35, കുടിയാന്മല-40, ഉളിക്കൽ-10 എന്നിങ്ങനെയാണ് ഇന്നലെ ലഭിച്ച പരാതികളുടെ എണ്ണം.
പഞ്ചായത്തുതലങ്ങളിലാണ് സീഡ് സൊസൈറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത്. കുടുംബശ്രീകളെ ഉപയോഗപ്പെടുത്തിയതിനാല് വളരെ വേഗത്തിലായിരുന്നു ഇതിന്റെ വേരോട്ടം. എന്നാല്‍, കുഞ്ഞിമംഗലം മുതല്‍ ചെറുപുഴവരെയുള്ള പ്രദേശങ്ങളില്‍ ബ്ലോക്ക് തലത്തിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. മാത്തിലിലും പരിസരങ്ങളിലുമായി 236 പേരില്‍നിന്നായി അന്‍പതു ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പുറത്തുവരുന്ന വിവരം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 1500 ലധികം സ്ത്രീകള്‍ തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്നും വരുംദിവസങ്ങളില്‍ പോലീസ് സ്റ്റേഷനുകളിൽ പരാതികളെത്തുമെന്നുമാണ് ലഭ്യമാകുന്ന സൂചന.
വളപട്ടണം പോലീസ് പ്രൊമൊട്ടര്മാരില് ചിലരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ഇതോടെ മറ്റുപ്രദേശങ്ങളിലെ പ്രൊമോട്ടര്‍മാര്‍ അപകടം മണത്ത് നിക്ഷേപകരെ ബന്ധപ്പെട്ട് തങ്ങള്‍തന്നെ പരാതി നല്‍കുന്നുണ്ടെന്നും അതിനാല്‍ ഓരോരുത്തരുമായി പരാതി നല്‍കേണ്ടതില്ലെന്നും അറിയിച്ചിരുന്നു. നിക്ഷേപകരെ പരാതി നല്കുന്നതില്നിന്നും പിന്തിരിപ്പിക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് മനസിലാക്കി പ്രൊമൊട്ടര്മാരുടെ കെണികളെ അതിജീവിച്ചാണ് ഇപ്പോള്‍ പരാതികളുമായി നിക്ഷേപകര്‍ പോലീസിനെ സമീപിക്കുന്നത്.
കുടുംബശ്രീ സംവിധാനങ്ങളെ ഉപയോഗിച്ച് വളരെവേഗത്തില്‍ വേരോട്ടമുണ്ടാക്കാനുള്ള ശ്രമമാണ് പയ്യന്നൂര്‍ ബ്ലോക്ക്തല സീഡ് സൊസൈറ്റി നടത്തിയത്. പയ്യന്നൂര്‍ സീഡ് സൊസൈറ്റിക്ക് ആദ്യഘട്ടമായി 80 ലക്ഷം രൂപ അനുവദിച്ചുകിട്ടിയെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് കളമൊരുക്കിയത്. ഇതേ രീതിയിലായിരുന്നു മറ്റിടങ്ങിലെ പ്രവര്‍ത്തനവും നടത്തിയത്.
ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്തും ഏതാനും ചിലര്‍ക്ക് ഇരുചക്രവാഹനങ്ങളും തയ്യില്‍ മെഷീനും വിതരണം ചെയ്തും വിശ്വാസമാര്‍ജിച്ചായിരുന്നു തുടക്കം. പണം വരാന്‍ തുടങ്ങിയതോടെ പ്രൊമോട്ടര്‍മാരില്‍ ചിലര്‍ വാഹനങ്ങള്‍ വാങ്ങിയും വലിയ വീടിന്റെ നിര്മാണമാരംഭിച്ചും ജീവിത നിലവാരം മെച്ചപ്പെടുത്തിയവരുമുണ്ട്.
കണ്ണൂരിൽ നിന്ന് തട്ടിയത്
മൂന്നു കോടി; ടൗൺ പോലീസ് കേസെടുത്തു
കണ്ണൂർ: കണ്ണൂരിലെ സീഡ് സൊസൈറ്റി അംഗങ്ങൾ നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ സീഡ് സൊസൈറ്റിക്കു കീഴിൽ 2024 ജൂലൈ മാസം പണം അടച്ച 494 പേർക്ക് ഇരുചക്രവാഹനമോ ഗൃഹോപകരണങ്ങളോ നൽകിയില്ലെന്ന പരാതിയിലാണു കേസ്. ഹെഡ് ഓഫീസായ മൂവാറ്റുപുഴയിലെ മാനേജർ അനന്തകൃഷ്ണനും കൂട്ടാളികൾക്കുമെതിരേയാണ് ടൗൺ പോലീസ് കേസെടുത്തത്. കണ്ണൂർ ജില്ലയിൽ മാത്രം 494 പേരിൽ നിന്നായി മൂന്നുകോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി.
പ്രതിക്കൂട്ടിലായത് സിപിഎം
രാഷ്ട്രീയമായി വിരുദ്ധ ചേരിയിലുള്ളവരുടെ സംരംഭത്തിന് അറിഞ്ഞോ അറിയാതയോ തലവച്ചുകൊടുത്തത് സിപിഎം ആണെന്ന ആക്ഷേപം ശക്തമാണ്. ജില്ലയില്‍ ഇത്രയും വ്യാപകമായ തട്ടിപ്പ് അരങ്ങേറിയത് ജില്ലയിലെ ഒരു പ്രമുഖനായ സിപിഎം നേതാവിന്റെ ഒത്താശയോടെയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതിനാലാണ് സിപിഎം ശക്തികേന്ദ്രങ്ങളില്‍ സീഡ് സൊസൈറ്റികള്‍ക്ക് വളരെ വേഗത്തില്‍ വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞതെന്നാണ് സൂചന.
പയ്യന്നൂര്‍ സീഡ് സൊസൈറ്റിയുടെ രൂപീകരണ യോഗം മുതല്‍ ആദ്യകാലങ്ങളിലെ യോഗങ്ങള്‍ നടന്നത് മാത്തില്‍ പ്രദേശത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലായിരുന്നു. ഇങ്ങനെ സീഡ് സൊസൈറ്റിയിലുള്ള സ്വീകാര്യത വര്‍ധിപ്പിച്ചായിരുന്നു തുടക്കം. സഹകരണ സ്ഥാപനങ്ങള്‍ക്ക് വിനയായി മാറുമെന്ന സംശയം ചിലരുന്നയിച്ചപ്പോള് അത്തരം സംശയങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന വാദത്തോടെ സീഡ് സൊസൈറ്റിക്ക് പച്ചക്കൊടി കാണിച്ച നേതാക്കളുമുണ്ട്. സീഡ് സൊസൈറ്റിക്കെതിരേ ശബ്ദിച്ച രണ്ടു ലോക്കല്‍ കമ്മിറ്റിയംഗങ്ങള്ക്കെതിരേ പോസ്റ്റര്‍ പ്രചരണവുമുണ്ടായി.
പാര്‍ട്ടി സമ്മേളനങ്ങളില്‍ സീഡ് സൊസെസറ്റിയുടെ തട്ടിപ്പിനെതിരെ ചര്‍ച്ചകളുയര്‍ന്നിട്ടും അന്വേഷണ കമ്മീഷന് നിര്‍ദേശിച്ചിട്ടും പ്രദേശത്തെ സിപിഎം നേതാവിനെതിരെ നടപടിയെടുക്കാതെ ഇദ്ദേഹത്തെ സംരക്ഷിക്കുകയാണ് നേതൃത്വമെന്ന ആക്ഷേപവുമുയരുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്തില്‍ പ്രദേശത്ത് ഡിവൈഎഫ്ഐ സീഡ് സൊസൈറ്റിക്കെതിരെയുള്ള പോസ്റ്റര്‍ പ്രചരണവുമായി രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മാത്തില്‍ ടൗണില്‍ പ്രകടനം നടത്താനും നീക്കമുണ്ടായിരുന്നു. എന്നാല്‍, ജില്ലാതല നേതൃത്വം ഇടപെട്ട് ഇതിന് തടയിടുകയായിരുന്നുവെന്ന സൂചനയുമുണ്ട്.
പണം തിരിച്ചുകിട്ടാൻ
ഇടപെടുമെന്ന് തളിപ്പറമ്പ് സീഡ് ഭാരവാഹികൾ
തളിപ്പറമ്പ്: തളിപ്പറമ്പ് സീഡ് സൊസൈറ്റി വഴി സ്പിയാർഡ്സ് പ്രോജക്ട് ഇംപ്ലിമെന്റ് ഏജൻസിയിൽ പകുതി വിലയ്ക്ക് ഇരുചക്ര വാഹനം ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു കിട്ടുന്നതിന് ഇടപെടൽ നടത്തുമെന്ന് തളിപ്പറമ്പ് സീഡ് ഭാരവാഹികൾ. സ്പിയാർഡ്സ് അവതരിപ്പിച്ച സ്ത്രീകൾക്ക് ഉപകാരപ്രദമായ ഒരു പദ്ധതി പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സീഡ് സൊസൈറ്റി നേരിട്ട് ആരിൽ നിന്നും പണം പിരിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു.
പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്കൂട്ടി ലഭിക്കാതായതോടെയാണ് വിവിധ മേഖലകളിൽ നിന്ന് പരാതികൾ ഉയർന്നത്. തളിപ്പറമ്പിലും സമാന രീതിയിൽ മുപ്പതിലേറെ പരാതികൾ പോലിസിന് ലഭിച്ചതോടെയാണ് ഭാരവാഹികൾ വിശദീകരണവുമായി വന്നത്.