പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ നവീകരണം പുരോഗമിക്കുന്നു
1510677
Monday, February 3, 2025 12:53 AM IST
പയ്യന്നൂര്‍: അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ നവീകരണ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്തും കിഴക്കുഭാഗത്തുമായി ത്വരിതഗതിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേഷന്റെ മുഖച്ഛായതന്നെ മാറ്റിയിരിക്കുകയാണ്.
32 കോടി 20 ലക്ഷം രൂപ ചെലവില്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാര്‍ക്കിംഗ് സൗകര്യം, കൗണ്ടറുകള്‍, ബുക്കിംഗ് ഓഫീസ്, ദീപസംവിധാനങ്ങള്‍, ശുചിമുറികള്‍, വിശ്രമ സൗകര്യങ്ങള്‍, ഷോപ്പിങ്ങ് സൗകര്യങ്ങള്‍, ലിഫ്റ്റുകള്‍, എക്സലേറ്റര്‍, പ്ലാറ്റ്ഫോമുകളില്‍ കാലാവസ്ഥയെ പ്രതിരോധിക്കുന്ന മേല്‍ക്കൂരകള്‍ എന്നിവയുടെ നിര്‍മാണങ്ങളാണു നടക്കുന്നത്. പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ വീര്‍പ്പുമുട്ടിയിരുന്ന ഇവിടെ രണ്ടായിരത്തോളം ഇരുചക്രവാഹനങ്ങള്‍ക്കും അഞ്ഞൂറോളം കാറുകള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് പദ്ധതിയിലുള്‍പ്പെടുത്തി സ്റ്റേഷന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി സജ്ജമാക്കുന്നത്.
പടിഞ്ഞാറുഭാഗത്തെ പാര്‍ക്കിംഗ് സൗകര്യം പൂര്‍ത്തീകരിച്ചശേഷം പാര്‍ക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. കിഴക്കു ഭാഗത്തെ പാര്‍ക്കിംഗ് സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്.ലിഫ്റ്റുകളുടെ നിര്‍മാണവും നടന്നുവരുന്നു. പ്ലാറ്റ്ഫോമുകള്‍ക്ക് മുകളിലെ മേല്‍ക്കൂരകളുടെ നിര്‍മാണങ്ങളും അന്തിമഘട്ടത്തിലാണ്. ഗതാഗതക്കുരുക്ക് പതിവായ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനു മുന്നിലെ നിലവിലുള്ള റോഡ് പാര്‍ക്കിംഗ് ഏരിയയുടെ പടിഞ്ഞാറുഭാഗത്തുകൂടി മാറ്റിനിര്‍മിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുന്നു.