റോഡുകളുടെ പ്രവൃത്തി വൈകുന്നു; അടിയന്തര യോഗം വിളിക്കാൻ തഹസീൽദാർക്ക് നിർദേശം
1510617
Sunday, February 2, 2025 8:38 AM IST
ഇരിട്ടി: താലൂക്കിലെ റോഡുകളുടെ പ്രവൃത്തി വൈകുന്നതിൽ വാട്ടർ അഥോറിറ്റി, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിക്കാൻ തഹസീൽദാർക്ക് താലൂക്ക് സഭ നിർദേശം. ജൽ ജീവൻ മിഷന്റെ പ്രവർത്തികളുമായി ബന്ധപ്പെട്ട് താലൂക്കിലെ റോഡുകളുടെ നിർമാണം വൈകുന്നത് സഭയിൽ ചർച്ച അതോടെയാണ് ഇരു വകുപ്പുകളുടെയും ജില്ലാ തല ഉദ്യാഗസ്ഥന്മാരുടെ സംയുകത യോഗം വിളിക്കാൻ സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന താലൂക്ക് സഭ നിർദേശിച്ചത്.
കക്കുവ മുതൽ ആറളം ഫാം പുനരധിവാസ മേഖലയിലൂടെ കടന്നുപോകുന്ന ഒൻപത് കിലോമീറ്റർ റോഡിന്റെ പ്രവർത്തി കെഎസ്ഇബി ലൈൻ മാറ്റി സ്ഥാപിക്കാൻ വൈകുന്നതുകൊണ്ട് ഒരു വർഷമായി വൈകുന്നത് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ സഭയിൽ അവതരിപ്പിച്ചു. നീലായി മേഖലയിലെ വന്യമൃഗശല്യം , മേഖലയിലെ കുടിവെള്ള പ്രശനം എന്നിവ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വകുപ്പ് അധികൃതർ സഭയെ അറിയിച്ചു.
നീലായി മേഖലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ബെയിസിക്ക് ക്യാമ്പ് പ്രവർത്തിക്കുണ്ടെന്ന് അധികൃതർ അറിയിച്ചു . നീലായി മേഖലയിലെ കുടിവെള്ള പ്രശനം പരിഹരിക്കുന്നതിന് ടാങ്ക് നിർമിച്ച് വെള്ളം ശേഖരിച്ച് വിതരണം ചെയ്യാനുള്ള പ്രവർത്തിയുടെ എസ്റ്റിമേറ്റ് തയാറക്കാൻ വനംവകുപ്പിന് കളക്ടർ നിർദേശം നൽകി. അതുപോലെ മേഖലയിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ കെഎസ്ഇബി ക്കും ആറളം പഞ്ചായത്ത് സെക്രട്ടറിക്കും നിർദേശം നൽകിയിട്ടുണ്ട്.
നേരംപോക്ക് പഴശി റോഡിന് 45 ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന് അധ്യക്ഷൻ കൂടിയായ എംഎൽഎ സഭയെ അറിയിച്ചു. മലയോര ഹൈവേയുടെ നിർമാണം ജൽ ജീവൻ പദ്ധതിയുടെ പൈപ്പിടലുമായി ബന്ധപ്പെട്ട് കാലതാമസം നേരിട്ടു എങ്കിലും പ്രവർത്തികൾ ആരംഭിച്ചതായി കെആർഎഫ്ബി പ്രതിനിധി സഭയെ അറിയിച്ചു. താലൂക്കിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു താലൂക്ക് സഭ.