എട്ടു സിപിഎമ്മുകാരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി
1510920
Tuesday, February 4, 2025 2:09 AM IST
കണ്ണൂര്‍: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സദാനന്ദന് മാസ്റ്ററെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാര ണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎമ്മുകാരായ എട്ടു പ്രതികളുടെയും ശിക്ഷ ഹൈ ക്കോടതി ശരിവച്ചു. സിപിഎമ്മിന്റെ ജില്ലയിലേയും മട്ടന്നൂര്‍ മേഖലയിലേയും പ്രധാന നേതാക്കളായ കെ. ശ്രീധരന്, മാതമംഗലം നാണു, പി.എം. രാജന്, പി. കൃഷ്ണന്, ഇ. രവീന്ദ്രന്, പി. സുരേഷ്ബാബു, എം. രാമചന്ദ്രന്, കെ. ബാലകൃഷ്ണന് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവച്ചത്. കൃത്യം നടന്ന് 31 വര്‍ഷത്തിന് ശേഷമാണ് വിധി ഉണ്ടായത്. ഏഴു വര്‍ഷം കഠിന തടവും 50,000 രൂപ വീതം പിഴയുമാണ് ജസ്റ്റിസ് സി.എസ്. സുധ വിധിച്ചത്.
കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ ഏഴു വര്‍ഷം തടവുശിക്ഷ കുറഞ്ഞു പോയെന്നും കോടതി കണ്ടെത്തി. സര്‍ക്കാര്‍ അപ്പീലിന് പോകാതിരുന്നത് പരാമര്‍ശിച്ച ഹൈക്കോടതി കാരണങ്ങള്‍ സര്‍ക്കാരിന് തന്നെ അറിയാമെന്നും പറഞ്ഞു. രണ്ടു കാലും ഛേദിക്കപ്പെട്ട സദാനന്ദന് മാസ്റ്റർക്ക് നഷ്ടപരിഹാരം വര്‍ധിപ്പിച്ച് നല്‍കേണ്ടത് ഉചിതമെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ കീഴ്ക്കോടതി 20,000 രൂപയായിരുന്നു പിഴ വിധിച്ചത്. ഇതാണ് 50000 രൂപയായി ഉയര്‍ത്തിയത്.
പ്രതികളുടെ ശിക്ഷ കുറയ്ക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. കൃത്യം നടന്നിട്ട് 31 വര്‍ഷം കടന്നു പോയി. ഇപ്പോഴും അദ്ദേഹം നീതിയ്ക്കായി കാത്തിരിക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു.
ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹകായിരുന്ന സദാനന്ദന് മാസ്റ്റര്‍ക്ക് 27 വയസുള്ളപ്പോഴായിരുന്നു സിപിഎമ്മുകാരായ പ്രതികള്‍ അദ്ദേഹത്തെ ഇരുകാലുകളും വെട്ടിമാറ്റി വധിക്കാന്‍ ശ്രമിച്ചത്. 1994 ജനുവരി 25 ന് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഉരുവച്ചാല്‍ ടൗണില്‍ വച്ച് സിപിഎം അക്രമി സംഘം പിന്നില്‍നിന്ന് സദാനന്ദന് മാസ്റ്ററെ ആക്രമിച്ചത്. തിരക്കേറിയ ടൗണില്‍ വച്ച് മാസ്റ്ററെ ആക്രമിച്ച സംഘം ആള്‍ക്കൂട്ടത്തെ ഭയപ്പെടുത്താന്‍ ബോംബുകള്‍ പൊട്ടിച്ചിരുന്നു. നിമിഷങ്ങള്‍ക്കകം അദ്ദേഹത്തിന്റെ രണ്ടു കാലുകളും വെട്ടിമാറ്റി റോഡിന്റെ വശത്തേക്ക് എറിഞ്ഞു. ആരും അദ്ദേഹത്തെ സഹായിക്കരുതെന്ന് അക്രമിസംഘം ഭീഷണി മുഴക്കിയിരുന്നു.
രക്തം വാര്‍ന്നു റോഡില്‍ കിടന്ന മാസ്റ്ററെ ഏറെക്കഴിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. അപ്പോഴേയ്ക്കും ബോധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് വര്‍ഷങ്ങളുടെ ചികിത്സയ്ക്ക് ശേഷം കൃത്രിമക്കാല്‍ ഉപയോഗിച്ചാണ് ഇപ്പോഴും മുന്നോട്ടുപോകുന്നത്.
കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്ന സിപിഎം മുന്‍ മട്ടന്നൂര്‍ ഏരിയ സെക്രട്ടറി കെ. ശ്രീധരന്, കണ്ണൂര്‍ എകെജി ആശുപത്രി ചെയര്മാന് പി. പുരുഷോത്തമന്, മുന്‍ ലോക്കല്‍ സെക്രട്ടറി എ.കെ. ഹരീന്ദ്രന്‍, വാഴയില്‍ മുകുന്ദന് എന്നിവരെ കീഴ്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.