മലയോര ഹൈവേയിൽ കോക്കാട് വാഹനാപകടങ്ങൾ പതിവാകുന്നു
1511168
Wednesday, February 5, 2025 1:03 AM IST
ഉളിക്കൽ: മലയോര ഹൈവേയിൽ ഉളിക്കൽ -പയ്യാവൂർ റീച്ചിലെ കോക്കാട് മേഖലയിൽ വാഹനാപകട ങ്ങൾ പതിവാകുന്നു. കോക്കാട് പെട്രോൾ പമ്പിന് സമീപത്തുള്ള വലിയ വളവിലാണ് വാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെടുന്നത്. ഉളിക്കല്ല് ഭാഗത്തുനിന്ന് പയ്യാവൂർ ഭാഗത്തേക്ക് വേഗത്തിൽ എത്തുന്ന വാഹനങ്ങൾ കൊടുംവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ റബർ തോട്ടത്തിലേക്ക് മറിഞ്ഞാണ് അപകടങ്ങൾ സംഭവിക്കുന്നത്.
ഇന്നലെ രാത്രിയും നിയന്ത്രണം നഷ്ടപ്പെട്ട കാർ റബർ തോട്ടത്തിലേക്ക് തലകുത്തനെ മറിഞ്ഞ് വയോധികൻ ഉൾപ്പെടെ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. വളവിൽ നിന്ന് 100 മീറ്റർ മാറി കോക്കാട് ജംഗ്ഷനിലും അപകടം പതിവാണ്. ഇവിടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ സംവിധാനം വേണമെന്ന് ആവശ്യം ശക്തമാണ്. അപകടം പതിവായ വളവിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും ബാരിക്കേടുകൾ തീർത്ത് ദൂരെ നിന്ന് തിരിച്ചറിയുന്ന രീതിയിൽ റിഫ്ലക്ടിംഗ് സ്റ്റിക്കറുകൾ സ്ഥാപിച്ച് മുന്നറിയിപ്പ് നൽകണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.