പുതിയതെരുവിലെ ഗതാഗത പരിഷ്കരണം വിജയം; തുടരാൻ തീരുമാനം
1511163
Wednesday, February 5, 2025 1:03 AM IST
കണ്ണൂർ: പുതിയതെരുവിൽ അഞ്ചുദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരണം വിജയകരമെന്ന് കണ്ടതിനാൽ ചില ഭേദഗതികളോടെ തുടരാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചതായി കെ.വി. സുമേഷ് എംഎൽഎയും കണ്ണൂർ ആർടി ഒയും വളപട്ടണം സിഐയും പത്രസമ്മേളനത്തിൽ അറിയിച്ചു.
ഗതാഗതക്കുരുക്കിനെ തുടർന്ന് റെഡ് സോണിൽ ആയിരുന്ന പുതിയതെരു പട്ടണം ട്രാഫിക് പരിഷ്കരണത്തെ തുടർന്ന് ഗ്രീൻ സോണിലേക്ക് മാറിയതായി കണ്ണൂർ ആർടിഒ ഇ.എസ്. ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇത് ഗതാഗത പരിഷ്കരണത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. 15 മിനിറ്റ് മുതൽ ഒരു മണിക്കൂറിലേറെ നീണ്ട ഗതാഗതക്കുരുക്ക് തീർത്തും ഇല്ലാതായെന്നാണ് അഞ്ചു ദിവസത്തെ അനുഭവം. ഗതാഗത പരിഷ്കരണത്തെ തുടർന്ന് പുതിയതെരു പട്ടണം ഗതാഗതകുരുക്ക് ഇല്ലാത്ത രീതിയിലേക്ക് മാറിയതായി യോഗം വിലയിരുത്തി.
യാത്രക്കാരുടെ സൗകര്യാർഥം, തളിപ്പറമ്പ് ഭാഗത്തേക്കുള്ള ടൗൺ ടു ടൗൺ, ലിമിറ്റഡ് സ്റ്റോപ്പ് ഉൾപ്പെടെയുള്ള ബസുകൾക്ക് പള്ളിക്കുളത്ത് ഇന്നു മുതൽ സ്റ്റോപ്പ് അനുവദിക്കും. ഇതിന് പുറമേ ലോക്കൽ ബസുകൾക്ക് മാഗ്നറ്റ് ഹോട്ടലിന് എതിർവശം പുതിയ സ്റ്റോപ്പ് അനുവദിക്കും. ഹൈവേ ജംഗ്ഷന് സമീപത്തേക്ക് മാറ്റിയ പുതിയ ബസ് സ്റ്റോപ്പ് തുടരും. അവിടെ എല്ലാ ബസുകൾക്കും സ്റ്റോപ്പ് അനുവദിക്കും. യൂ ടേൺ എടുക്കുന്നതിനു മുമ്പായി മയ്യിൽ ഭാഗത്തേക്കുള്ള ബസുകളും ഇവിടെ നിർത്താൻ അനുവദിക്കുന്നതാണ്.
വില്ലേജ് ഓഫീസിന് എതിർവശത്തെ പഴയ ബസ് സ്റ്റോപ്പ് കെഎസ്ഇബിയുടെ അനുമതിയോടെ ട്രാൻസ്ഫോർമർ ഉൾപ്പെടെയുള്ളവ മാറ്റി സ്ഥാപിച്ച് സ്ഥിരം ബസ് ബേ ആക്കി മാറ്റി സ്ഥാപിക്കാൻ യോഗം നിർദേശം നൽകി. തളിപ്പറമ്പ്, അഴീക്കോട് ഭാഗത്തേക്കുള്ള ലോക്കൽ ബസുകൾക്ക് ആകും ഭാവിയിൽ ഇവിടെ സ്റ്റോപ്പ് അനുവദിക്കുക.
അതുവരെയാണ് മാഗ്നറ്റ് ഹോട്ടലിന് എതിർവശം ബസുകൾ നിർത്തുക. മയ്യിൽ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് മാറ്റിയത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായി.സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ ബ്ലോക്ക് ഉണ്ടായിരുന്ന സ്ഥലമാണ് പുതിയതെരുവെന്നും പരിഷ്കരണത്തിലൂടെ വലിയ മാറ്റം കൊണ്ടുവരാൻ സാധിച്ചുവെന്നും കെ.വി. സുമേഷ് എംഎൽഎ പറഞ്ഞു.
കഴിഞ്ഞ അഞ്ച് ദിവസമായി പരിഷ്കരണം നിരീക്ഷിച്ചു വരികയാണെന്നും ഗതാഗത ക്കുരുക്കിൽ വലിയ മാറ്റം ഉണ്ടാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബസ് ഉടമകളുടെയും ബസ് ജീവനക്കാരുടെയും മോട്ടോർ തൊഴിലാളികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സംഘടനാ ഭാരവാഹികൾ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ഗതാഗത പരിഷ്കരണത്തെ പൂർണമായും പിന്തുണച്ചു.